ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ആക്രമണം; മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
മസ്‌കത്ത്: ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. മസ്‌കത്ത് ഗവർണറേറ്റ് തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുകയായിരുന്ന 'എംകെഡി വിയോം' (MKD VIOM) എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു.
സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ബോട്ട് ടാങ്കറിലേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ ശക്തമായ തീപിടുത്തവും സ്ഫോടനവുമുണ്ടായി. ഏകദേശം 59,463 മെട്രിക് ടൺ ചരക്കുമായി പോവുകയായിരുന്ന കപ്പലിൽ ആകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 16 ഇന്ത്യക്കാരും, നാല് ബംഗ്ലാദേശി പൗരന്മാരും, ഒരു ഉക്രേനിയൻ പൗരനും ഉൾപ്പെടുന്നു. 18 പേരെ കപ്പലിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു.
നിലവിൽ റോയൽ ഒമാൻ നേവിയുടെ കപ്പൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനും അമേരിക്കയും ഇസ്രയേലും ഉൾപ്പെടുന്ന കടുത്ത പ്രാദേശിക സംഘർഷങ്ങൾക്കിടയിലാണ് ഈ ആക്രമണം നടന്നിരിക്കുന്നത്. ജിസിസി രാജ്യങ്ങളെയും ഈ സാഹചര്യം നേരിട്ട് ബാധിച്ചിട്ടുണ്ട്.










0 comments