ad
Deshabhimani

ഇസ്രായേൽ അനുകൂല പരേഡ് ബഹിഷ്കരിച്ചു, പുതിയ രാഷ്ട്രീയവുമായി ന്യൂയോർക്ക് മേയർ മംദാനി

newyork
വെബ് ഡെസ്ക്

Published on Jun 01, 2026, 02:57 PM | 2 min read

വാഷിങ്ടൺ: ന്യൂയോർക്കിൽ നടന്ന വാർഷിക ഇസ്രായേൽ ദിന പരേഡിൽ നിന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി വിട്ടുനിന്നു. പലസ്തീൻ ജനതയുടെ അവകാശങ്ങളോട് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മംദാനിയുടെ നിസഹകരണം.


അമേരിക്കയിലെ ഏറ്റവും വലിയ ജൂത ജനസംഖ്യയുള്ള നഗരമാണ് ന്യൂയോർക്ക്. അതുകൊണ്ടുതന്നെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മേയർമാരും ഗവർണർമാരും ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മത്സരിച്ച് പങ്കെടുക്കുന്ന ചടങ്ങാണ്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന രാഷ്ട്രീയ കീഴ്‌വഴക്കമായി ഇത് സ്ഥാപിക്കപ്പെട്ടിരുന്നു. ഇത് ലംഘിച്ചാണ് അഞ്ചാം അവന്യൂവിൽ നടക്കുന്ന ഇസ്രയേൽ പരേഡിൽ നിന്ന് നഗരത്തലവൻ വിട്ടു നിന്നത്.


തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ഞാൻ ഈ പരേഡിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നതാണ്. ഇസ്രായേൽ സർക്കാരിന്റെ നയങ്ങളിലുള്ള എന്റെ വിയോജിപ്പ് ഞാൻ നേരത്തെ തന്നെ പരസ്യമാക്കിയതുമാണ്." എന്നാണ് മേയർ സൊഹ്‌റാൻ മംദാനി ഇതുസംബന്ധിച്ച് പ്രതികരിച്ചത്.


'നക്ബ' വീഡിയോയും വിവാദവും


ന്യൂയോർക്കിന്റെ ചരിത്രത്തിൽ ആദ്യമായി പദവിയിലിരിക്കുന്ന ഒരു മേയർ 'നക്ബ' പരസ്യമായി അനുസ്മരിച്ചതും വിവാദമായിരുന്നു. ഒമ്പതാം വയസ്സിൽ സ്വന്തം നാട്ടിൽ നിന്നും പുറത്താക്കപ്പെട്ട ഇനിയ ബുഷ്നാക് എന്ന പലസ്തീൻ വനിതയുടെ ഓർമ്മകൾ ഉൾപ്പെടുന്ന വീഡിയോ പുറത്തു വിട്ടായിരുന്നു അനുസ്മരണം.


1948-ൽ ഇസ്രായേൽ രൂപീകരണത്തിന് പിന്നാലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഏതാണ്ട് 7 ലക്ഷത്തോളം പലസ്തീനികൾ സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടിരുന്നു. ഇതിനെ അനുസ്മരിക്കുന്നതാണ് നക്ബ. അറബിയിൽ 'ദുരന്തം' എന്നർത്ഥം വരുന്ന പദമാണ്.


ജൂത നേതാക്കളുടെ പ്രതിഷേധം

പ്രമുഖ ജൂത നേതാവും ഫൗണ്ടേഷൻ ഫോർ എത്തിനിക് അണ്ടർസ്റ്റാൻഡിംഗ് പ്രസിഡന്റുമായ റബ്ബി മാർക്ക് ഷ്നീയർ മേയറുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. "ഇത് ന്യൂയോർക്കിലെ എല്ലാ ജൂതന്മാർക്കും നേരെയുള്ള കരണത്തടിയാണ്. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല, നിങ്ങൾ വീട്ടിലിരുന്നാൽ മതി. മേയറുടെ വീഡിയോ വെറുമൊരു പ്രൊപഗണ്ട മാത്രമാണ്." എന്ന് റബ്ബി മാർക്ക് ഷ്നീയർ പറഞ്ഞു.


ഇസ്രയേൽ ദിന ആഘോഷത്തിനായി നഗരത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ ശക്തമായ പോലീസ് സന്നാഹത്തെ മേയർ നിയോഗിച്ചിരുന്നു. പരേഡ് സമാധാനപരമായി നടന്നു. മേയർ വിട്ടുനിന്നെങ്കിലും, ജൂത വംശജയായ ന്യൂയോർക്ക് പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് പരേഡിൽ പങ്കെടുത്തു. പരേഡിൽ അഭിമാനത്തോടെ പങ്കെടുക്കാനുള്ളത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് ജെസീക്ക വ്യക്തമാക്കി.


mam

മാറുന്ന അമേരിക്കൻ രാഷ്ട്രീയം


ന്യൂയോർക്കിൽ ഡൊണൾ‍ഡ് ട്രംപ് പക്ഷത്തെ തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുത്തി മേയറായ സൊഹ്‌റാൻ മംദാനി, ഇസ്രായേലിന് നിലനിൽക്കാൻ അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ, അത് ജൂതന്മാർക്ക് മാത്രം മുൻഗണന നൽകുന്ന ഒരു ഭരണകൂടമാകരുത് എന്ന് വാദിക്കുന്നു. അതേസമയം, നഗരത്തിലെ ജൂതന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ജൂത വിരുദ്ധത തടയാനുള്ള പ്രത്യേക ഓഫീസിന്റെ പ്രവർത്തനം ശക്തമാക്കുമെന്നും ഉറപ്പുനൽകി.


ഗാസയിലെ ഇസ്രായേൽ സൈനിക നടപടികൾക്ക് ശേഷം അമേരിക്കയിലെ യുവതലമുറയ്ക്കിടയിൽ ഇസ്രായേലിനോടുള്ള പിന്തുണയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് സമീപകാല സർവേകൾ വ്യക്തമാക്കുന്നത്. മംദാനിയുടെ ഈ നിലപാട് അമേരിക്കൻ രാഷ്ട്രീയത്തിൽ പുരോഗമന വിഭാഗങ്ങൾക്കിടയിൽ പലസ്തീൻ അനുകൂല നിലപാടുകൾക്ക് ലഭിക്കുന്ന ജനപ്രീതിയുടെ തെളിവായി വിലയിരുത്തപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home