Deshabhimani

ചൈനയ്ക്ക് ചിപ്പ് ലഭിക്കുന്നത് തടയാൻ അമേരിക്ക; നാല് ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിതരണം നിർത്തി എൻവിഡിയ

Nvidia

Photo by REUTERS

വെബ് ഡെസ്ക്

Published on Nov 27, 2026, 06:48 PM | 1 min read

വാഷിങ്ടൺ : നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള എഐ സെർവർ വിതരണം നിർത്തിവച്ച് പ്രമുഖ ചിപ്പ് നിർമാതാക്കളായ എൻവിഡിയ. മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വിതരണം നിർത്തിവയ്ക്കാനാണ് കമ്പനി നിർമാതാക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. അത്യാധുനിക എഐ ചിപ്പുകൾ ലഭിക്കുന്ന ചൈനീസ് കമ്പനികളെ നിയന്ത്രിക്കുകയെന്ന അമേരിക്കയുടെ മുതലാളിത്ത നയത്തിൻറെ ഭാഗമായാണ് പുതിയ നീക്കം.


എൻവിഡിയയുടെ ചിപ്പുകൾ സെർവറുകളിൽ ഘടിപ്പിക്കുന്ന ഡെൽ, സൂപ്പർ മൈക്രോ തുടങ്ങിയ നിർമാണ പങ്കാളികൾ നാല് രാജ്യങ്ങളിലെയും ഉപഭോക്താക്കളെ ഓർഡറുകൾ അയക്കാൻ കഴിയില്ലെന്ന് അറിയിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതുവരെ വിതരണം തടഞ്ഞുവച്ചേക്കും. എൻവിഡിയ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.


നവംബർ 19 മുതൽ പ്രാബല്യത്തിൽ വന്ന അമേരിക്കയുടെ പുതിയ കയറ്റുമതി ചട്ടങ്ങൾ പ്രകാരം ഈ രാജ്യങ്ങളിലേക്ക് അത്യാധുനിക എഐ ചിപ്പുകൾ കയറ്റുമതി ചെയ്യാൻ പ്രത്യേക ലൈസൻസ് ആവശ്യമാണ്. മൂന്നാമതൊരു രാജ്യത്തെ ഡാറ്റാ സെന്ററുകൾ വഴി ചൈനീസ് കമ്പനികൾക്ക് എൻവിഡിയ ചിപ്പുകളുടെ കമ്പ്യൂട്ടിങ് ശേഷി ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം തടയുകയാണ് ലക്ഷ്യം.


മലേഷ്യയും ഇന്തോനേഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഡാറ്റാ സെന്ററുകളുടെ വളർച്ചയ്ക്ക് ചൈനീസ് സാങ്കേതിക കമ്പനികൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എൻവിഡിയ ചിപ്പുകൾ ഘടിപ്പിച്ച സെർവറുകളുടെ കമ്പ്യൂട്ടിങ് ശേഷി വാടകയ്ക്ക് നൽകുന്നതിലൂടെ ചൈനീസ് കമ്പനികൾക്ക് നിയന്ത്രണങ്ങൾ മറികടന്ന് എഐ വികസനത്തിലേക്ക് കടക്കാൻ സാധിക്കുമെന്നതാണ് അമേരിക്കയുടെ തീരുമാനത്തിന് പിന്നിൽ.


പുതിയ നിയന്ത്രണങ്ങൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഡാറ്റാ സെന്റർ വികസനത്തെ ബാധിക്കും. എഐ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ രാജ്യങ്ങളിലേക്ക് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമെത്തിയിട്ടുണ്ട്. സെർവർ വിതരണം തടസപ്പെടുന്നതിലൂടെ പദ്ധതികളുടെ പ്രവർത്തനം മന്ദ​ഗതിയിലാകും. ഇത് എഐ നിക്ഷേപങ്ങളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഈ വിവരം പുറത്തു വന്നതിന് പിന്നാലെ സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കമ്പനിയായ ഓലാനിയുടെ പദ്ധതിക്കായി വായ്പ നൽകാൻ സമ്മതിച്ചിരുന്ന ബാങ്കുകൾ ഏകദേശം 50 കോടി ഡോളറിന്റെ ധനസഹായം തടഞ്ഞുവച്ചതായും റിപ്പോർട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home