മരുന്നുകൾ കിട്ടുന്നില്ല, ശസ്ത്രക്രിയകൾ വൈകുന്നു; അമേരിക്കൻ ഉപരോധത്തിൽ ക്യൂബയിൽ കടുത്ത പ്രതിസന്ധി

PHOTO: AFP
ഹവാന: അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്ന് ക്യൂബയിൽ ജനജീവിതം കൂടുതൽ പ്രതിസന്ധിയിലാകുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് മരുന്നുകൾ ലഭിക്കുന്നില്ലെന്നും ശസ്ത്രക്രിയകൾ വൈകുകയാണെന്നും ജവജീവിതം ദുസ്സഹമാകുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുടുങ്ങുന്നതിൽ അധികവും അർബുദ ചികിത്സകളാണ്. മരുന്നുകൾ നിർമിക്കാൻ ആവശ്യമായ രാസഘടകങ്ങൾ ലഭിക്കുന്നേയില്ല.
നിയന്ത്രണങ്ങൾ ജനുവരിയിൽ ആരംഭിക്കുന്നതിന് മുമ്പ് ക്യാൻസർ ബാധിതരായ കുട്ടികളുടെ അതിജീവന നിരക്ക് 85% ആയിരുന്നത് ഇപ്പോൾ 65% ആയി കുറഞ്ഞുവെന്ന് 'ക്യൂബ ഡിബേറ്റ്' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഏഴ് വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികൾക്ക് മുൻപ് ദിവസേന നൽകിയിരുന്ന ഒരു ലിറ്റർ പാൽ ഇപ്പോൾ ലഭിക്കുന്നില്ലെന്നും, ശിശുക്കൾക്കായുള്ള രാജ്യത്തിന്റെ 16-വാക്സിൻ രോഗപ്രതിരോധ പരിപാടി അപകടത്തിലാണ് എന്നും റിപ്പോർട്ടിലുണ്ട്.
ഒരു ലക്ഷത്തോളം ക്യൂബൻ പൗരന്മാർ ശസ്ത്രക്രിയയ്ക്കായി കാത്തിരിപ്പിലാണ്. കിഡ്നി ഡയാലിസിസ് ആവശ്യമായ ഏകദേശം 3,000 രോഗികളുടെ ചികിത്സാ സമയക്രമം തടസ്സപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
സൗജന്യവും സാർവത്രികവുമായ ആരോഗ്യ പരിരക്ഷയാണ് ക്യൂബ നൽകുന്നത്. എന്നാൽ വിഭവങ്ങളുടെ ദൗർലഭ്യം, ഇന്ധനക്ഷാമം, 20 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന വൈദ്യുതി തടസ്സം എന്നിവ കാരണം ഈ സംവിധാനം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.
ക്യൂബയുടെ പ്രധാന ഇന്ധന വിതരണക്കാരായ വെനസ്വേലയെ അമേരിക്ക ആക്രമിക്കുകയും, ക്യൂബയ്ക്ക് എണ്ണ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഏത് രാജ്യത്തിനും മേൽ താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് ക്യൂബയ്ക്ക് മൂന്ന് മാസത്തോളം ഇന്ധന ലഭ്യത പൂർണ്ണമായും നിലച്ചിരുന്നു.










0 comments