പശ്ചിമേഷ്യൻ യുദ്ധം
പെട്രോഡോളർ യുഗം അവസാനിക്കുമോ? അമേരിക്കയുടെ ലോകാധിപത്യത്തിന് ഇറാൻ തടയിടുമ്പോൾ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന സൈനിക കടന്നുകയറ്റങ്ങൾ ആഗോള ഊർജ മേഖലയെ വൻ പ്രതിസന്ധിയിലേക്ക് തള്ളവിടുകയാണ്. റഷ്യ - യുക്രെൈൻ യുദ്ധം ഗ്യാസ് വിതരണത്തെയാണ് ബാധിച്ചതെങ്കിൽ ഇപ്പോഴത്തെ സംഘർഷം എണ്ണ, ഗ്യാസ് വിതരണ ശൃംഖലകളെ ഒരേപോലെ സ്തംഭിപ്പിച്ചിരിക്കുകയാണ്.
ലോക എണ്ണ വിപണിയിൽ ദശകങ്ങളായി തുടരുന്ന അമേരിക്കൻ ഡോളറിന്റെ ആധിപത്യത്തിന് (പെട്രോ ഡോളർ) അന്ത്യം കുറിക്കാൻ ലക്ഷ്യമിട്ട് ഇറാൻ നിർണായക നീക്കം നടത്തുകയാണ്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ യാത്രക്ക് ചൈനീസ് കറൻസിയായ 'യുവാൻ' ഉപയോഗിക്കണമെന്ന കർശന വ്യവസ്ഥ കൊണ്ടുവരാനാണ് ഇറാൻ ആലോചിക്കുന്നത്.
അമേരിക്കൻ ഉപരോധങ്ങളെയും സാമ്രാജ്യത്വ ഭീഷണികളെയും തള്ളിക്കളഞ്ഞു കൊണ്ടുള്ള ഇറാന്റെ ഈ നീക്കം ആഗോള സാമ്പത്തിക ക്രമത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. എഴുപതുകളിൽ അമേരിക്കയും ഗൾഫ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം എണ്ണ വ്യാപാരം ഡോളറിൽ സ്ഥിരപ്പെടുത്തിയത് അമേരിക്കയുടെ സാമ്പത്തിക ആധിപത്യത്തിന് അടിത്തറ പാകി. എന്നാൽ ഊർജ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഈ കുത്തകയെ തകർക്കുകയാണ്.
1970 മുതൽ നിലനിൽക്കുന്ന പെട്രോ ഡോളർ സമ്പ്രദായം തകരുന്നതോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാകും. ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിലൂടെ ഡോളറിനെ ആശ്രയിക്കാതെ തന്നെ മുന്നോട്ടുപോകാമെന്ന് ഇറാൻ തെളിയിക്കുകയാണ്. റഷ്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ നീക്കത്തെ പിന്തുണക്കുന്നത് അമേരിക്കയുടെ ഏകാധിപത്യ ലോകക്രമത്തിന് പരിക്കേൽപ്പിക്കും.
വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഇന്ധന ആവശ്യകത കുറയുകയാണ്. 2023ൽ 0.9 ദശലക്ഷം ബാരൽ എണ്ണ ആവശ്യകതയുടെ കുറവായിരുന്നെങ്കിൽ, 2024ൽ പ്രതിദിനം 13 ലക്ഷം ബാരൽ എണ്ണയുടെ കുറവാണുണ്ടായത്. വൻകിട എണ്ണക്കമ്പനികളുടെയും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും സാമ്പത്തിക താല്പര്യങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണ്.
പെട്രോളിന് പകരമായി ലോകം വൈദ്യുതി വാഹനങ്ങളിലേക്ക് നീങ്ങുന്നതോടെ ഇലക്ട്രിക് വാഹനങ്ങളിലെ (EV) ബാറ്ററികൾ നിർമിക്കുന്നതിന് അത്യാവശ്യമായ ലിഥിയം, കൊബാൾട്ട്, നിക്കൽ തുടങ്ങിയ ധാതുക്കളുടെ കടന്നുവരവും വർധിക്കുകയാണ്.
ലിഥിയത്തിന്റെ പ്രധാന വിതരണക്കാർ ചിലി, അർജന്റീന, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ്. ആഗോള ഉൽപ്പാദനത്തിന്റെ 70 ശതമാനം കൊബാൾട്ട് കേന്ദ്രീകരിച്ചിരിക്കുന്നത് കോംഗോയിലാണ്. നിക്കൽ ഉല്പാദനത്തിൽ ഇൻഡോനേഷ്യയും കാനഡയും മുൻപന്തിയിൽ നിൽക്കുന്നു. എന്നാൽ ഈ ധാതുക്കളുടെ സംസ്കരണത്തിലും നിർമ്മാണത്തിലും ചൈന കൈവരിച്ച വൻ മുന്നേറ്റം അമേരിക്കയെ വിറളിപിടിപ്പിക്കുന്നുണ്ട്. പെട്രോ ഡോളറിന് പകരം ഊർജ വിപണി ചൈനീസ് യുവാൻ കൈക്കലാക്കുമോ എന്ന ഭയവും അമേരിക്കക്കുണ്ട്.
ഊർജ മാറ്റത്തിന്റെ ഈ ഘട്ടത്തിൽ വികസ്വര രാജ്യങ്ങൾ പ്രത്യേകിച്ച് ഇന്ത്യ, അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഫോസിൽ ഇന്ധനങ്ങളോടുള്ള ആശ്രിതത്വം കുറക്കുമ്പോൾ തന്നെ പുതിയ സാങ്കേതിക വിദ്യകൾക്കായി വികസിത രാജ്യങ്ങളുടെ അടിമകളാകാതിരിക്കാൻ ശ്രദ്ധിക്കണം.
ചേരിചേരാ നയത്തിന്റെ പാരമ്പര്യം മുറുകെപ്പിടിച്ച് സ്വന്തം നിലയിൽ സാങ്കേതികവിദ്യ വികസിപ്പിക്കാനും വിഭവങ്ങൾ കണ്ടെത്താനും ഇന്ത്യ തയ്യാറാകണം. പഴയ സാമ്രാജ്യത്വത്തിന് പകരം പുതിയ രൂപത്തിലുള്ള സാമ്പത്തിക അടിമത്തത്തിലേക്ക് ഇന്ത്യയെ തള്ളിവിടാനുള്ള അമേരിക്കൻ നീക്കങ്ങളെ ചെറുക്കണമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.










0 comments