print edition ചോളന്മാരുടെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകി നെതർലൻഡ്‌സ്

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ കൈമാറിയ ചെമ്പ് ഫലകങ്ങൾ | PHOTO: AFP
ആസ്റ്റർഡാം: നെതർലൻഡ്‌സിലെ ലൈഡൻ സർവകലാശാലയിൽ സൂക്ഷിച്ചിരുന്ന 11–-ാം നൂറ്റാണ്ടിലെ ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ ഇന്ത്യക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലൻഡ്‌സ് സന്ദർശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനാണ് ഇവ കൈമാറിയത്.
രാജരാജ ചോളൻ ഒന്നാമൻ തമിഴ്നാട്ടിലെ നാഗപട്ടണത്തുള്ള ചൂഡാമണിവർമ വിഹാര ബുദ്ധക്ഷേത്രത്തിന് അനൈമംഗലം ഗ്രാമം ദാനം ചെയ്‌തതിന്റെ രേഖകളാണിവ. രാജരാജ ചോളന്റെ വാക്കാലുള്ള ഈ ഉത്തരവ് പിന്നീട് അദ്ദേഹത്തിന്റെ മകൻ രാജേന്ദ്ര ചോളൻ ഒന്നാമൻ ചെമ്പ് ഫലകങ്ങളിൽ കൊത്തിയെടുക്കുകയായിരുന്നു.
ഏകദേശം 30 കിലോ ഭാരമുള്ള ഈ ശേഖരത്തിൽ 21 വലിയ ഫലകങ്ങളും മൂന്ന് ചെറിയ ഫലകങ്ങളുമാണുള്ളത്. ഇവ ചോള രാജവംശത്തിന്റെ ഔദ്യോഗിക മുദ്രയുള്ള വെങ്കല വളയത്താലാണ് കെട്ടിയത്. സംസ്‌കൃതത്തിലും തമിഴിലുമാണ് ഇതിലെ വാചകങ്ങൾ. 18-ാം നൂറ്റാണ്ടിൽ ഡച്ച് മിഷണറിയായ ഫ്ലോറൻഷ്യസ് കാമ്പറാണ് ഇവ നെതർലൻഡ്‌സിലേക്ക് കൊണ്ടുപോയത്. 2012 മുതൽ ഇന്ത്യ ഈ പുരാവസ്‌തുക്കൾ തിരികെ ലഭിക്കാനായി ശ്രമിച്ചുവരികയായിരുന്നു.











0 comments