ഗാസയിൽ വെടിനിർത്തുമോ ; നെതന്യാഹു അമേരിക്കയിൽ

വാഷിങ്‌ടൺ
ഗാസയിൽ പലസ്‌തീൻ ജനതക്കുനേരെ കടന്നാക്രമണം ശക്തമായി തുടരവേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അമേരിക്കയിൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്‌ചയിൽ ഇറാനിലെ സൈനികനടപടിക്കൊപ്പം ഗാസയും ചർച്ചയാകും.
ഗാസയിൽ വെടിനിർത്തലിന് ഉടൻ ധാരണയാകുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. സമ്പൂർണ വെടിനിർത്തലാണ് വേണ്ടതെന്ന് വ്യക്തമാക്കിയ ഹമാസ് ചർച്ചയ്‌ക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ, അത്തരമൊരു ചർച്ചക്ക് ഹമാസ് ബാക്കിയുണ്ടാവില്ലെന്നാണ് നെതന്യാഹു പറഞ്ഞത്.
അറുപത് ദിവസത്തെ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും സംബന്ധിച്ച് അമേരിക്ക മുന്നോട്ടുവച്ച നിർദേശത്തിൽ ഇസ്രയേലും ഹമാസും പരോക്ഷ ചർച്ചകൾ ഞായറാഴ്‌ച വൈകുന്നേരം ഖത്തറിൽ പുനരാരംഭിച്ചു. ട്രംപിന്റെ സമ്മർദത്തിന് വഴങ്ങി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
ഇതിനുമുമ്പ് നിലവിൽവന്ന വെടിനിർത്തൽ ഏകപക്ഷീയമായി ലംഘിച്ചാണ് മാർച്ചിൽ ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചത്.
ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയശേഷം മൂന്നാംതവണയാണ് നെതന്യാഹു വൈറ്റ്ഹൗസ് സന്ദർശിക്കുന്നത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്കെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേർന്നശേഷമുള്ള ആദ്യ കൂടിക്കാഴ്‌ചയും. 12 ദിവസത്തെ ഇറാനിലെ സൈനികനടപടി ഗാസ ആക്രമണം അവസാനിപ്പിക്കാൻ കൂടുതൽ അനുകൂല സാഹചര്യം സൃഷ്‌ടിച്ചുവെന്ന ശക്തമായ ധാരണയുണ്ട്. മാസങ്ങളായി കുറഞ്ഞ ജനപ്രീതി റേറ്റിങ്ങിനുശേഷം, ഇറാൻ ആക്രമണത്തിൽ ലഭിച്ച വിശാലമായ പൊതുജന പിന്തുണ നെതന്യാഹുവിന്റെ നില ശക്തിപ്പെടുത്തി. തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ എതിർപ്പ് മറികടന്ന് സമാധാനക്കരാറിന് സമ്മതിക്കാൻ നെതന്യാഹുവിന് കഴിഞ്ഞേക്കും.










0 comments