നേപ്പാളിലെ മിന്നൽ പ്രളയം; പത്തുപേരെ കാണാതായി, ആറ് പാലങ്ങൾ ഒലിച്ചുപോയി

കാഠ്മണ്ഡു : ആയിരങ്ങളുടെ ജീവൻ കവർന്ന പ്രളയക്കെടുതിക്കു ശേഷം നേപ്പാളിൽ വീണ്ടുമുണ്ടായ മിന്നൽപ്രളയത്തിൽ പത്തുപേരെ കാണാതായി. നേപ്പാളിലെ ഗോർഖ ജില്ലയിൽ ബുധി ഗണ്ഡകി നദി കരകവിഞ്ഞൊഴുകിയുണ്ടായ പ്രളയത്തിൽ ആറ് പാലങ്ങളും 35 വീടുകളും ഒലിച്ചുപോയി. ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് സമീപപ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായി.
വാഹനങ്ങൾ കടന്നുപോകുന്ന രണ്ട് പാലങ്ങളും നാല് തൂക്കുപാലങ്ങളുമാണ് തകർന്നത്. ധാർച്ചെ ഗ്രാമപഞ്ചായത്തിലെ ഒന്നും മൂന്നും വാർഡുകളെ ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലവും ഒഴുകിപ്പോയി. മച്ചിഖോല, ജഗത്, ഫിലിം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നടപ്പാലങ്ങളും തകർന്നു. ഇതോടെ വിവിധ ഗ്രാമങ്ങളിലേക്കുള്ള ഗതാഗതം പൂർണമായി വിച്ഛേദിക്കപ്പെട്ടു.
പൈൻയു, ബഗർ പ്രദേശങ്ങളിലാണ് 35 ഓളം വീടുകൾ ഒലിച്ചുപോയത്. ജഗത്, സല്ലേരി, ദോവൻ, ഘട്ടേഖോല പ്രദേശങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. നദിയിലെ ജലനിരപ്പ് തുടർച്ചയായി മാറുന്നതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നദീതീരങ്ങളിലുള്ള പ്രദേശങ്ങളിലെ ജനങ്ങളോട് ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകി.
പ്രളയബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈനികരെ വിന്യസിച്ചതായി പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു.








0 comments