തലയ്ക്ക് പിറകിൽ തുടരെ മർദിച്ചു, വയറ്റിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു; ഡൽഹിയിൽ പ്രതിഷേധക്കാർ നേരിടുന്നത് ക്രൂര പീഡനങ്ങൾ

ഫോട്ടോ: പി വി സുജിത്
രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്യാസ്യത ഇല്ലാതാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. രാത്രിയിലും രാജ്യതലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എംപിമാരടക്കമുള്ളവരെ ക്രൂരമായി മർദിക്കുന്ന ഡൽഹി പൊലീസിന്റെ ദൃശ്യങ്ങൾ വ്യാപകമായി പുറത്തുവരുന്നുണ്ട്. ക്രൂരമായ പീഡനങ്ങളാണ് പൊലീസിൽ നിന്ന് പ്രതിഷേധക്കാർ നേരിടുന്നത്. ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ നേർ അനുഭവങ്ങൾ...
ഇന്ന് രാവിലെ മാർച്ച് തുടങ്ങുമ്പോൾ തന്നെ സഖാവ് ശരണ്യയെയും എന്നെയും ഒരേ ബസ്സിലാണ് പോലീസ് detain ചെയ്തത്. കൂടെ മറ്റു ചിലരെയും. വഴി മദ്ധ്യേ, ബസ്സിൽ നിന്നിറക്കി, ഞങ്ങളെ പോലീസ് മർദ്ദിച്ചു കൊണ്ട് പോലീസിൻ്റെ വാനിൻ്റെ അടുത്തേക്ക് കൊണ്ടുപോയി. കാര്യമായ ഒരു പ്രതിരോധവും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല എങ്കിൽ പോലും പോലീസ് തലയ്ക്ക് പിറകിലും, ശരീരത്തിലും മർദ്ദിച്ചു കൊണ്ടേയിരുന്നു, തെറികൾ വിളിച്ചു കൊണ്ടേയിരുന്നു. സെല്ലുകൾ ഉള്ള വാനിൽ കയറ്റിയായിരുന്നു പലരെയും ആക്രമിച്ചത്. എന്നെയും ഒപ്പമുള്ളവരെയും അത്തരം ഒരു വാനിൻ്റെ വാതിൽക്കൽ കൊണ്ട് നിർത്തി. ഉള്ളിൽ പോലീസിന് ആക്രമിക്കാൻ വേണ്ടത്ര സമരക്കാർ ഉള്ളത് കൊണ്ടാവാം, ഞങ്ങളെ ഉള്ളിലേക്ക് കയറ്റിയില്ല. പകരം റോഡിൽ നിർബന്ധപൂർവം ഇരുത്തി. റോഡിൻ്റെ സൈഡിലേക്ക് മാറി ഇരുന്നവരെ വലിച്ചും തൊഴിച്ചും റോഡിലേക്ക് ഇറക്കി ഇരുത്തി. ചിലരെ വയറ്റിൽ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. കുടിവെള്ളം നിഷേധിച്ചു. ഇവർ പോലീസ് തന്നെയാണോ എന്ന് പല നിമിഷങ്ങളിലും ഞാൻ ആശ്ചര്യപ്പെട്ടു. 2017ൽ ഡൽഹിയിൽ എത്തിയ അന്ന് തൊട്ടു ഞാൻ പങ്കെടുത്ത സമരങ്ങളിൽ ഒന്നും ഇത്തരത്തിൽ വയലൻ്റാവുന്ന പോലീസ് സേനയെ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ടായിരിക്കാം. ഈ നടക്കുന്ന ആക്രമണത്തിൻ്റെ രംഗങ്ങൾ ഫോണിൽ പകർത്തുകയായിരുന്ന കടക്കാരെയും, വഴിയാത്രക്കാരെയും മർദ്ദിച്ചു, ഫോണുകൾ പിടിച്ചു വാങ്ങി, ചിലരെ ഞങ്ങളുടെ കൂടെ റോഡിൽ ഇരുത്തി. ഏകദേശം ഒരു മണിക്കൂർ റോഡിൽ ഇരുത്തി, തെറികൾ കൊണ്ട് ചെവികൾ മൂടിയ ശേഷം ഞങ്ങളെ നേരത്തെ ഇടി മുറികളായി അവർ മാറ്റിയെടുത്ത ആ വാനുകളിലേക്ക് കയറ്റി സൂരജ്മൽ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി.








0 comments