കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; നടപടി പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്

നെടുമ്പാശേരി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. 11 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ സർവീസുകളാണ് റദ്ദാക്കിയത്. ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.
11ന് കൊച്ചി–റിയാദ്–കൊച്ചി റൂട്ടിലെ ഫ്ലൈനാസ് എക്സ്‌വൈ 399, 400, ദോഹയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 476, കൊച്ചിയിൽനിന്ന് ദോഹയിലേക്കുള്ള ഐഎക്സ് 475, കൊച്ചി–റിയാദ് ആകാശ എയർ ക്യുപി 523, കൊച്ചി–ജിദ്ദ ക്യുപി 550, കൊച്ചി–റാസൽഖൈമ ഇൻഡിഗോ 6ഇ 1517 എന്നീ സർവീസുകളാണ് റദ്ദാക്കിയത്. രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്ന സർവീസായിരുന്നു ഇൻഡിഗോയുടേത്. 12ന് ജിദ്ദ–കൊച്ചി റൂട്ടിലെ ആകാശ എയർ ക്യുപി 551, റിയാദ്–കൊച്ചി ക്യുപി 524, കൊച്ചി–റിയാദ് ക്യുപി 523 എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 13ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ആകാശ എയർ ക്യുപി 524 സർവീസും റദ്ദാക്കിയതായി സിയാൽ അറിയിച്ചു.
റദ്ദാക്കിയ 10 സർവീസുകളിൽ അഞ്ചും ആകാശ എയറിന്റേതാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് സിയാൽ അറിയിച്ചു.








0 comments