നാട് പ്രളയഭീതിയിൽ, ലക്ഷങ്ങൾ കവർന്ന് കള്ളന്മാർ; നേപ്പാളിൽ ബാങ്ക് സേഫ് പൊളിച്ച് മോഷണം

കാഠ്മണ്ഡു: പ്രളയക്കെടുതിയിൽ നാട് മുഴുവൻ വിറങ്ങലിച്ച് നിൽക്കുമ്പോഴും ദുരന്തമുഖം മോഷണക്കളമാക്കിയ കള്ളന്മാരെ കണ്ട് ഞെട്ടിയിരിക്കുകയാണ് നേപ്പാൾ. പ്രളയജലത്തിൽ ഒലിച്ചുപോയ ബാങ്കിന്റെ ഭീമൻ സേഫ് തകർത്ത് ലക്ഷങ്ങൾ കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സുവയിലെ ഭോട്ടെകോശി മേഖലയിൽനിന്ന് പ്രളയജലത്തിൽ ഒഴുകിപ്പോയ ലോക്കറാണ് പിന്നീട് ധാദിങ് ജില്ലയിലെ ഗൽചി റൂറൽ മുനിസിപ്പാലിറ്റിയിലെ ബെൽഖുഖോല പ്രദേശത്ത് ത്രിശൂലി നദിക്കരയിൽ കണ്ടെത്തിയത്.
ലോക്കർ കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികളിൽ ചിലർ അത് പൊളിച്ച് അകത്തുണ്ടായിരുന്ന പണം കൈക്കലാക്കിയെന്നാണ് പൊലീസ് പറയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരിൽനിന്ന് 92,68,505 നേപ്പാളീസ് രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ) കണ്ടെത്തുകയും ചെയ്തു.
പിടിയിലായവരിൽ ഭൂരിഭാഗവും ഗൽചിയിലെ മസ്റ്റാർ പ്രദേശത്തുള്ളവരാണ്. ആദംഘട്ട്, ആദംതാർ എന്നിവിടങ്ങളിൽ നിന്നുള്ളവരും ചിത്വാൻ, പാർസ ജില്ലകളിൽനിന്നെത്തി ധാദിങ്ങിൽ താമസിക്കുന്നവരും സംഘത്തിലുണ്ട്. 19 മുതൽ 49 വയസുവരെയുള്ളവരാണ് കസ്റ്റഡിയിലുള്ളത്. കണ്ടെടുത്ത പണം ഏത് ബാങ്കിന്റേതാണെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
പ്രളയദുരന്തത്തിനിടെ മറ്റൊരു ഞെട്ടിക്കുന്ന മോഷണസംഭവവും റിപ്പോർട്ട് ചെയ്തു. നാരായണി നദിയിൽ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് സ്വർണ കമ്മൽ ഊരിയെടുത്തെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിൽനിന്ന് ആഭരണം ഊരിയെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
അതേസമയം നേപ്പാളിലെ പ്രളയദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ ഗുരുതരമാകുകയാണ്. രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി പുതുക്കിയ കണക്കനുസരിച്ച് മരണസംഖ്യ 626 ആയി. 2,426 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.










0 comments