print edition ആർട്ടമിസ് 2; ഒറിയോൺ പേടകം ചന്ദ്രന്റെ അരികിൽ

ഫ്ലോറിഡ: ആർട്ടമിസ് 2 ചാന്ദ്ര ദൗത്യം നിർണായക ഘട്ടത്തിൽ. ഭൂമിയിൽനിന്ന് ഏറ്റവും അകലെയെത്തി ഒറിയോൺ പേടകം ചരിത്രമെഴുതി. ചൊവ്വ പുലർച്ചയോടെ പേടകം ചന്ദ്രന്റെ 6550 കിലോമീറ്റർ അടുത്തുവരെ എത്തും. ഉച്ചയോടെ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിക്കും.
മിഷൻ കമാൻഡർ റെയ്ഡ് വൈസ്‌മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോക്ക്, ജെർമി ഹാൻസൻ എന്നിവർ വിവിധ പരീക്ഷണങ്ങൾ നടത്തും. തിങ്കൾ രാവിലെയോടെയാണ് ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം പ്രവേശിച്ചത്. പേടകത്തിന്റെ പാത നേരെയാക്കാൻ 19 മിനിട്ട് പ്രധാന എഞ്ചിൻ ജ്വലിപ്പിച്ചു.
ഗോളാന്തര യാത്രകൾക്കായി നാസ വികസിപ്പിച്ച സർവൈവൽ സിസ്റ്റം സ്യൂട്ടിന്റെ ക്ഷമതാ പരിശാധനയും നടത്തി. രാത്രി 11.26ന് ഭൂമിയിൽനിന്ന് ഏറ്റവും അകലെ ഒറിയോൺ പേടകമെത്തി. 4.06 ലക്ഷം കിലോമീറ്റർ. മനുഷ്യരുള്ള ഒരു പേടകം ആദ്യമാണ് ഇത്രയും ദൂരം എത്തുന്നത്. അപ്പോളോ 13ന്റെ റെക്കോർഡും ഭേദിച്ചു.
ഇനിയുള്ള യാത്രയിൽ 30 നിരീക്ഷണ, പഠനങ്ങൾ നാസ നൽകിയിട്ടുണ്ട്. ചന്ദ്രന്റെ മറുപുറത്ത് 965 കിലോമീറ്റർ വ്യാസമുള്ള ഒറിയന്റൽ തടവും ഗർത്തങ്ങളും നിരീക്ഷിക്കുകയാണ് പ്രധാനം. ചിത്രങ്ങളുമെടുക്കും. ചൊവ്വ പുലർച്ചെ 4.14 ന് ചന്ദ്രന്റെ മറുപുറത്ത് എത്തുന്ന പേടകവുമായുള്ള ബന്ധം 40 മിനിട്ട് പൂർണമായി നിലയ്‌ക്കും.
നാസയുമായുള്ള റേഡിയോ സിഗ്‌നലുകൾക്ക് ചന്ദ്രൻ തടസ്സമാകുന്നതാണ് കാരണം. 4.15ന് ചന്ദ്രന് പിന്നിൽനിന്ന് ഭൂമി ഉദിക്കുന്ന ദൃശം പേടകത്തിലുള്ളവർ പകർത്തും. ചന്ദ്രനെ ചുറ്റി വരുന്ന പേടകം പകൽ 11.55നകം ആകർഷണ വലയത്തിൽനിന്ന് പുറത്തുകടക്കും. വെള്ളിയാഴ്‌ചയോടെ സംഘം ഭൂമിയിൽ മടങ്ങി എത്തും.










0 comments