print edition ആർട്ടമിസ് 2: മനുഷ്യ ചാന്ദ്രദൗത്യം നാളെ; കൗണ്ട്‌ഡൗൺ തുടങ്ങി

ഫ്ലോറിഡ: അരനൂറ്റാണ്ടിനുശേഷം മനുഷ്യന്റെ ചാന്ദ്രയാത്രക്ക് കൗണ്ട് ഡൗൺ തുടങ്ങി. സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 3.54ന് നാല് യാത്രികരുമായി ആർട്ടമിസ് 2 ദൗത്യപേടകം കുതിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേയ്‌സ് സെന്ററിൽനിന്ന് നാസയുടെ ശക്തിയേറിയ സ്‌പെയ്‌സ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് ഒറിയോൺ പേടകവുമായി യാത്രതിരിക്കുക.
ചന്ദ്രന്റെ 9656 കിലോമീറ്റർ അടുത്തുവരെ എത്തിയശേഷം യാത്രികർ മടങ്ങും. പത്തു ദിവസത്തെ യാത്രയാണ്. വ്യാഴാഴ്‌ച വിക്ഷേപണം നടന്നില്ലെങ്കിൽ ആറുവരെ വിക്ഷേപണ ശ്രമം തുടരുമെന്ന് നാസ അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും പ്രതികൂല കാലാവസ്ഥയുംമൂലം നിരവധി തവണ ദൗത്യം മാറ്റിവച്ചിരുന്നു.
ദൗത്യാംഗങ്ങളായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്‌റ്റിന കോക്ക്, ജർമി ഹാൻസൻ എന്നിവർ ഫ്ലോറിഡയിൽ എത്തി. ഇവർ ബുധനാഴ്‌ച വിക്ഷേപണത്തറയിലെത്തി ഒറിയോൺ പേടകത്തിൽ പ്രവേശിക്കും.
റോക്കറ്റിൽ ഇന്ധനം നിറക്കുന്ന പ്രക്രിയ ആരംഭിച്ചു. 1972ലെ അപ്പോളോ 17 നുശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യദൗത്യമാണിത്. 2027ൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കുന്ന ആർട്ടമിസ് 3 ദൗത്യത്തിനുമുന്നോടിയായുള്ള പരീക്ഷണ പറക്കലാണ് ആർട്ടമിസ് 2ന്റേത്.










0 comments