ad
Deshabhimani

മ്യാൻമറിൽ മിൻ ഓങ് ഹ്ലെയ്‌ൻ പ്രസിഡന്റ്, സൈനികാധിപത്യത്തിന് 'സിവിലിയൻ' പരിവേഷം

my
വെബ് ഡെസ്ക്

Published on Apr 03, 2026, 04:50 PM | 2 min read

നയ്പിഡോ: 2021-ൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത ജനറൽ മിൻ ഓങ് ഹ്ലയിങ് (Min Aung Hlaing) മ്യാൻമറിന്റെ പുതിയ പ്രസിഡന്റായി രാജ്യത്തിന്റെ ഭരണ തലപ്പത്ത് തിരിച്ചെത്തി. അഞ്ച് വർഷത്തെ നേരിട്ടുള്ള സൈനിക ഭരണത്തിന് ശേഷം നടത്തിയ തെരഞ്ഞെടുപ്പിലൂടെ സിവിലിയൻ ഭരണത്തലവൻ എന്ന പരിവേഷം ഉറപ്പിച്ചാണ് തിരിച്ചുവരവ്.


സൈനിക പിന്തുണയുള്ള യൂണിക് സോളിഡാരിറ്റി ആൻഡ് ഡെവലപ്‌മെന്റ് പാർട്ടിയും (USDP) സൈന്യം നാമനിർദ്ദേശം ചെയ്ത പ്രതിനിധികളും ചേര്‍ന്നുള്ള ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് പ്രസിഡന്റ് പദവിയിൽ വിജയം ഉറപ്പാക്കിയത്. മുൻ ജനറൽ നിയോ സോ, നാൻ നി നി അയേ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ആദ്യ വനിതാ വൈസ് പ്രസിഡന്റാണ് നി നി അയേ.


പ്രസിഡന്റ് പദവി ദീർഘകാലമായി മിൻ ഓങ് ഹ്ലയിങ് ആഗ്രഹിച്ചിരുന്നതാണ്. ഇതിനായി അദ്ദേഹം കമാൻഡർ ഇൻ ചീഫ് സ്ഥാനം വിശ്വസ്തനായ യേ വിൻ ഒ-യ്ക്ക് കൈമാറിയിരുന്നു.


അന്താരാഷ്ട്ര ഉപരോധങ്ങളിൽ നിന്ന് രക്ഷപ്പെടാനും അയൽ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുമുള്ള സൈന്യത്തിന്റെ രാഷ്ട്രീയ തന്ത്രമായാണ് മ്യാൻമര്‍ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെട്ടിരുന്നത്. ജനാധിപത്യ പുനഃസ്ഥാപനത്തിനായുള്ള മ്യാൻമർ ജനതയുടെ പോരാട്ടം കൂടുതൽ ശക്തമായ തുടുരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.


സൂചിയുടെ പാർട്ടി അംഗങ്ങളും വംശീയ ന്യൂനപക്ഷ സായുധ സംഘങ്ങളും ചേർന്ന് പുതിയൊരു പ്രതിരോധ നിര (Steering Council for the Emergence of a Federal Democratic Union) രൂപീകരിച്ചിട്ടുണ്ട്. സൈനിക സ്വേച്ഛാധിപത്യം പൂർണ്ണമായും അവസാനിപ്പിച്ച് ഒരു ഫെഡറൽ ജനാധിപത്യം സ്ഥാപിക്കുക എന്നതാണ് ഇവരുടെ പ്രഖ്യാപിത ലക്ഷ്യം.


പുതിയ തെരഞ്ഞെടുപ്പ് നടന്നത് രാജ്യത്തെ 330 ടൗൺഷിപ്പുകളിൽ 263 ഇടങ്ങളിൽ മാത്രമാണ്. പ്രധാന പ്രതിപക്ഷമായ ഓങ് സാൻ സൂചിയുടെ എൻ എൽ ഡി പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതിയുണ്ടായിരുന്നില്ല.

റോഹിൻഗ്യൻ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ തുടങ്ങിയ കുറ്റാരോപണങ്ങൾ നേരിടുന്ന ഹ്ലെയിനെ സംബന്ധിച്ചിടത്തോളം പ്രസിഡന്റ് പദവി ഒരു നിയമപരിരക്ഷ (Legal Shield) ആയിരിക്കില്ലെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.


കഴിഞ്ഞ അഞ്ച് വർഷത്തെ സൈനിക അടിച്ചമർത്തലിൽ 8,000-ത്തോളം സിവിലിയന്മാർ കൊല്ലപ്പെട്ടു. ഓങ് സാൻ സൂചി ഉൾപ്പെടെ 22,872-ലധികം പേർ തടവറയിലാണ്. 2025-ൽ മാത്രം 1,140-ലധികം തവണ സൈന്യം സ്വന്തം ജനതയ്ക്ക് നേരെ ബോംബാക്രമണം നടത്തി. നിലവിൽ ബംഗ്ലാദേശിലെ കോക്സ് ബസാർ (Cox's Bazar),ഭാസൻ ചാർ (Bhasan Char)എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ മാത്രം 12ലക്ഷത്തോളം റോഹിൻഗ്യൻ അഭയാർത്ഥികൾ നരകയാതന അനുഭിച്ച് കഴിയുന്നുണ്ട്. ഇവര്‍ക്ക് സ്വന്തം രാജ്യത്ത് ജോലി ചെയ്ത് ജീവിക്കാനോ പൗരത്വത്തിനോ അവകാശമില്ല. റോഹിഗ്യൻ വംശഹത്യയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ മിൻ ഓങ് ഹ്ലെയിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home