ഹിമപാതത്തിൽ പർവ്വതാരോഹക സംഘത്തിന്റെ ബേസ് ക്യാമ്പ് തകർന്നു, ഏഴ് മരണം

കാഠ്മണ്ഡു: നേപ്പാളിലെ മൗണ്ട് യാലുങ് റിയിലെ ബേസ് ക്യാമ്പിൽ ഹിമപാതത്തെ തുടർന്ന് അഞ്ച് പർവ്വതാരോഹകരും രണ്ട് സഹായികളും മരിച്ചു. മരിച്ച ഏഴ് പേരുടെയും മൃതദേഹങ്ങൾ രക്ഷാ പ്രവർത്തകർ എത്തി മഞ്ഞിൽ നിന്ന് വീണ്ടെടുത്തു.
ഹിമപാതത്തിൽ പരിക്കേറ്റ് അവശനിലയിലായ നാല് പർവതാരോഹകരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. ചികിത്സയ്ക്കായി തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് പരിശോധന തുടരുകയാണ്.
4,900 മീറ്റർ (16,070 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് യാലുങ് റിയിലെ ബേസ് ക്യാമ്പിൽ തിങ്കളാഴ്ച രാവിലെയാണ് ഹിമപാതം ഉണ്ടായത്. രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ മഞ്ഞുവീഴ്ച കാരണം തടസ്സം നേരിട്ടതായി ഡോൾഖ ജില്ലാ പോലീസ് മേധാവി ഗ്യാൻ കുമാർ മഹാതോ പറഞ്ഞു. ചൊവ്വാഴ്ചയാണ് മൂന്ന് മൃതദേഹങ്ങൾ മഞ്ഞിൽ നിന്നും വീണ്ടെടുത്തത്.

മരിച്ചവരിൽ രണ്ട് നേപ്പാളി പർവത ഗൈഡുകൾ ഉൾപ്പെടുന്നു. എന്നാൽ ശേഷിക്കുന്ന അഞ്ച് പേരുടെ ഐഡന്റിറ്റി ഇപ്പോഴും വ്യക്തമല്ല. അവരിൽ ഒരാൾ ഫ്രഞ്ച് പൗരനാണെന്ന് മഹാതോ പറഞ്ഞു.
5,600 മീറ്റർ (18,370 അടി) ഉയരമുള്ള ഒരു കൊടുമുടിയാണ് മൗണ്ട് യാലുങ് റി. ഇത് മലകയറ്റക്കാർക്ക് ആവേശമായ ആരോഹണ ഘട്ടമാണ്. ഇവിടെ ബേസ് ക്യാമ്പിലാണ് ഇത്തവണ അപകടം ഉണ്ടായത്.










0 comments