ഇസ്രയേൽ ബന്ധത്തെ വിമര്‍ശിച്ചു, മൊറോക്കൻ റാപ്പർ സുഹൈബ് ഖബ്ലിക്ക് തടവ് ശിക്ഷ

റാപ്പർ സുഹൈബ് ഖബ്ലിയുടെ തടവിൽ പ്രതിഷേധിക്കുന്നവര്‍
റബാത്ത്: മൊറോക്കൻ ഗവൺമെന്റിനെയും ഇസ്രായേലുമായുള്ള ബന്ധത്തെയും വിമർശിച്ചതിന് 23 കാരനായ റാപ്പർ സുഹൈബ് ഖബ്ലിക്ക് തടവും പിഴയും. 'ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിച്ചു' എന്ന കുറ്റം ചുമത്തി മൊറോക്കൻ കോടതി ഗായകനെതിരെ എട്ടുമാസം തടവുശിക്ഷയും 106 യുഎസ് ഡോളർ പിഴയും വിധിച്ചു.
'L7 Assal' എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന ഖബ്ലി, വടക്കൻ മൊറോക്കോയിലെ താസ നഗരത്തിൽ നിന്നുള്ള കലാകാരനാണ്. 2020-ൽ അമേരിക്കയുടെ മധ്യസ്ഥതയിൽ മൊറോക്കോയും ഇസ്രായേലും തമ്മിലുണ്ടാക്കിയ അബ്രഹാം ഉടമ്പടിയെ ഖബ്ലി തന്റെ പാട്ടുകളിലൂടെ ശക്തമായി എതിർത്തിരുന്നു. കൂടാതെ സർക്കാർ അഴിമതി, അഭിപ്രായസ്വാതന്ത്ര്യത്തിൻമേലുള്ള നിയന്ത്രണങ്ങൾ എന്നിവയും അദ്ദേഹത്തിന്റെ വരികളിൽ വിഷയമായിരുന്നു. റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗിൽ വിദ്യാര്‍ഥിയാണ് ഗായകൻ.
വെസ്റ്റേൺ സഹാറ മേഖലയിലെ മൊറോക്കോയുടെ അവകാശവാദത്തിന് അമേരിക്ക അംഗീകാരം നൽകിയതിന് പകരമായാണ് 2020-ൽ മൊറോക്കോ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയത്. ഇതിനെതിരെ മൊറോക്കോയിലെ പലസ്തീൻ അനുകൂലികൾ വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
സമാധാനപരമായ രീതിയിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് ഖബ്ലി കോടതിയിൽ പറഞ്ഞു. മനുഷ്യാവകാശ സംഘടനകൾ ഈ നടപടിയെ രാഷ്ട്രീയ പ്രേരിതമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടിയെന്നും വിശേഷിപ്പിച്ചു. വിധി വന്നതിന് പിന്നാലെ നിരവധി പേർ കോടതിക്ക് മുന്നിൽ പ്രതിഷേധിച്ചു.










0 comments