ad
Deshabhimani

മുതിര്‍ന്ന തൃണമൂൽ നേതാവ് ആശിഷ് ബാനര്‍ജി പാര്‍ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ; ഒരു അഴിമതിയും ചെയ്തിട്ടില്ലെന്ന് കുറിപ്പ്

Ashish banarjee
വെബ് ഡെസ്ക്

Published on Aug 16, 2026, 09:57 AM | 2 min read

കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ആശിഷ് ബാനര്‍ജിയെ പാര്‍ടി ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബിര്‍ഭൂം ജില്ലയിലുള്ള രാംപൂര്‍ഹാട്ടിൽ വീടിനടുത്തുള്ള പാര്‍ടി ഓഫീസിലാണ് മരണം.


ഞായറാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിനടുത്ത് നിന്നും അദ്ദേഹത്തിന്റെതായ ഒരു കുറിപ്പും കണ്ടെത്തി. താൻ രാഷ്ട്രീയ ജീവതത്തിൽ ഉടനീളം ശുദ്ധി പുലര്‍ത്തിയിരുന്നു. യാതൊരുവിധ അഴിമതിയും നടത്തിയിട്ടില്ല. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇതിൽ വ്യകമാക്കുന്നു.


2001 മുതൽ തുടര്‍ച്ചയായ 25 വര്‍ഷം രാംപൂര്‍ഹാട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച ജനനേതാവാണ്. അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടു. പശ്ചിമബംഗാൾ സര്‍ക്കാരിൽ മമത ബാനര്‍ജിക്ക് കീഴിൽ വിദ്യാഭ്യാസ മന്ത്രിയും കൃഷിമന്ത്രിയും ആയിരുന്നിട്ടുണ്ട്.


മമതാബാനര്‍ജി അധികാരത്തിൽ എത്തിയത് മുതൽ പാര്‍ടിയിലെയും സര്‍ക്കാരിലെയും പ്രധാനിയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥി ധ്രുവ സാഹയോട് തോൽവി ഏറ്റുവാങ്ങി.


സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം നാട്ടിൽ നടന്ന പരിപാടികളിൽ പങ്കെടുക്കുകയും ദേശീയപതാക ഉയര്‍ത്തുകയും ചെയ്തിരുന്നു. പെട്ടെന്ന് മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.


ashishമരണ വിവരമറിഞ്ഞ് ആശിഷ് ബാനര്‍ജിയുടെ വീടിന് മുന്നിൽ തിങ്ങിക്കൂടിയ ജനങ്ങൾ


ആരോപണങ്ങൾ നിഷേധിച്ചും

പരിതപിച്ചും


ആശിഷ് ബാനര്‍ജി ചെയര്‍മാനായിരുന്ന താരാപീഠ് രാംപൂര്‍ഹാട്ട് ഡെവലപ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട് അദ്ദേഹം ആരോപണങ്ങൾ നേരിട്ടിരുന്നു. വികസന അതോറിറ്റിയുടെ ടെൻഡര്‍ നടപടികളിലോ ചെക്കുകൾ നൽകുന്നതിലോ പ്ലാൻ അംഗീകരിച്ചതിലോ എൻഒസി നൽകിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മരണ സമയത്തെ കുറിപ്പിൽ വ്യക്തമാക്കുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ആശിഷ് ബാനര്‍ജി ബീര്‍ഭൂം ജില്ലാ കോര്‍കമ്മിറ്റി സ്ഥാനം രാജിവെച്ചിരുന്നു.


തന്നെ അപമാനിക്കാനും വ്യക്തിഹത്യ ചെയ്യാനും ശ്രമങ്ങൾ നടന്നതായി കത്തിൽ വ്യാക്തമാക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയത് വലിയ തെറ്റായിപ്പോയി. ബന്ധുക്കളായുള്ള യുവാക്കൾ ആരും രാഷ്ട്രീയത്തിലേക്ക് വരരുത്. എന്നിങ്ങനെയും കുറിച്ച അദ്ദേഹം തന്റെ അധ്യാപക ജീവിത കാലത്തെ വിദ്യാര്‍ഥികളുടെ സ്നേഹവും ഊഷ്മളതയും ഓര്‍ക്കുന്നുമുണ്ട്.


പതിനഞ്ച് വര്‍ഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിച്ച് ബിജെപി മുന്നണി അധികാരത്തിൽ എത്തിയതോടെ പ്രതിപക്ഷ നേതാക്കളെ തുടര്‍ച്ചയായി വേട്ടയാടുകയാണ്. തൃണമൂൽ കോൺഗ്രസിന് പിളര്‍ത്തിയും നേതാക്കളെ അടര്‍ത്തിയും ദുര്‍ബലമാക്കി. വഴങ്ങാതെ നിന്ന നിരവധി പഴയ നേതാക്കളും എംഎൽഎ മാരും നിരന്തരം അന്വേഷണവും നടപടികളും നേരിടുകയാണ്.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home