ad
Deshabhimani

സുഡാൻ യുദ്ധം; ആറ് മാസത്തിനിടെ 300ലധികം കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ്

sudan war kids

video screenshot

വെബ് ഡെസ്ക്

Published on Jul 06, 2026, 03:40 PM | 2 min read

ഖാർത്തൂം : സുഡാനിൽ തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 300ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുണിസെഫ്. ഇതിൽ ഭൂരിഭാഗവും ഡ്രോൺ ആക്രമണങ്ങളിൽ നിന്നാണെന്നും ഏജൻസി റിപ്പോർട്ടിൽ പറയുന്നു. 2023 ഏപ്രിൽ മുതലാണ് സുഡാൻ സൈന്യവും സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്ന റാപ്പിഡ് സപ്പോഴ്ട്ടേഴ്സ് ഫോഴ്സും തമ്മിൽ യുദ്ധം ആരംഭിച്ചത്.


കോർഡോഫാൻ, ഡാർഫർ, ബ്ലൂ നൈൽസ് സംസ്ഥാനങ്ങളിലാണ് നിലവിൽ യുദ്ധം തീവ്രമായി തുടരുന്നത്. യൂണിസെഫിന്റെ കണക്കനുസരിച്ച് സിവിലിയൻ മരണങ്ങളിൽ 80 ശതമാനവും ഡ്രോൺ ആക്രമണങ്ങൾ മൂലമാണ്. നോർത്ത് കോർഡോഫാനിലെ തന്ത്രപ്രധാനമായ എൽ-ഒബൈദ് നഗരത്തിന്റെ നിയന്ത്രണത്തിനായി ആർ‌എസ്‌എഫും സൈന്യവും സംഘർഷം തുടരുകയാണ്. തിങ്കളാഴ്ച ജനീവയിൽ, യുഎൻ പിന്തുണയുള്ള മനുഷ്യാവകാശ കൗൺസിലിൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾ സുഡാനിലെ ആക്രമണങ്ങളെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പില്ലാതെ അംഗീകരിച്ച പ്രമേയം, സുഡാനിൽ നിന്നുള്ള അഭയാർഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന് ആഹ്വാനം ചെയ്യുകയും യുദ്ധത്തിലെ ബാഹ്യ ഇടപെടലുകളെ അപലപിക്കുകയും ചെയ്തു.


സുഡാനിൽ മൂന്ന് വർഷമായി തുടരുന്ന സംഘർഷത്തിൽ കുറഞ്ഞത് 59,000 പേർ കൊല്ലപ്പെടുകയും ഏകദേശം 13 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തു. സുഡാനിലെ പല ഭാഗങ്ങളും ക്ഷാമത്തിലായി. രാജ്യത്തെ 30 ദശലക്ഷത്തിലധികം ആളുകൾക്ക് മാനുഷിക സഹായം ആവശ്യമാണ്. സ്കൂളുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോൺ - ഷെൽ ആക്രമണങ്ങൾ നടത്തുന്നത്. ഒരു വർഷത്തിലേറെയായി ജനങ്ങൾ ഉപരോധത്തിന് സമാനമായ സാഹചര്യങ്ങളാണ് നേരിടുന്നത്. സുഡാന്റെ പല പ്രദേശങ്ങളും കടുത്ത ക്ഷാമത്തിലേക്ക് വീണു. ആക്രമണം തുടരുന്നതിനാൽ പലയിടങ്ങളിലും സഹായം എത്തിക്കാൻ സാധിച്ചിട്ടില്ല.


8,000ത്തിലധികം ആളുകളെ കാണാതായതായി ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നു. പലരെയും അടക്കം ചെയ്യപ്പെട്ട ഇടങ്ങൾ ഇന്നും അജ്ഞാതമാണ്. മൂന്ന് വർഷമായി രാജ്യത്ത് തുടരുന്ന സംഘർഷം ആയിരക്കണക്കിന് കുടുംബങ്ങളെ ശിഥിലമാക്കി. പലായനം ചെയ്യുന്നതിനിടെ മാതാപിതാക്കളും കുട്ടികളുമടക്കം പലരും വേർപിരിഞ്ഞു. കുറേപ്പേർ തടങ്കലിലാണെന്നാണ് വിവരം. എന്നാൽ തടവിലാക്കപ്പെട്ടവരുടെ വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനു പുറമെ ലൈംഗിക അതിക്രമങ്ങളും വംശീയ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home