ഇറാന് പുതിയ സുരക്ഷാ മേധാവി: ലാരിജാനിയുടെ പിൻഗാമിയായി മുഹമ്മദ് ബാഗർ സോൾഗാദർ

മുഹമ്മദ് ബാഗർ സോൾഗാദർ (PHOTO CREDIT: PRESS TV)
തെഹ്റാൻ: ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ മേധാവിയായി മുഹമ്മദ് ബാഗർ സോൾഗാദറെ നിയമിച്ചു. കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ട അലി ലാരിജാനിക്ക് പകരക്കാരനായാണ് സോൾഗാദർ പദവിയിലെത്തുന്നത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാന്റെ സുരക്ഷാ നയതന്ത്രങ്ങളിൽ സോൾഗാദറുടെ നിയമനം ഏറെ നിർണായകമാണ്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മുൻ കമാൻഡറായ സോൾഗാദർ ഇറാന്റെ ഭരണസംവിധാനത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള നേതാവാണ്. 2020 വരെയുള്ള എട്ടു വർഷക്കാലം രാജ്യത്തെ നീതിന്യായ വിഭാഗത്തിന്റെ തന്ത്രപ്രധാന കാര്യങ്ങളുടെ ഡെപ്യൂട്ടി ചീഫ് ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ ഐആർജിസി ജോയിന്റ് സ്റ്റാഫ് മേധാവി, ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ്, ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ-നിയമപാലന വിഭാഗം ഡെപ്യൂട്ടി ചീഫ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാരിജാനിയുടെ വധത്തിന് പിന്നാലെ രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മേധാവിയുടെ നിയമനം.
മാർച്ച് 17നാണ് സുരക്ഷാ കൗൺസിൽ മേധാവിയായിരുന്ന അലി ലാരിജാനി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈമാനിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണായക വ്യക്തിയായിരുന്നു ലാറിജാനി.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാറിജാനി അയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടതിനുശേഷം യുദ്ധത്തിൽ മരിക്കുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവാണ് അദ്ദേഹം.










0 comments