ഇസ്രയേലില്‍ വീണ്ടും ഹൂതി ആക്രമണം


അനസ് യാസിന്‍
Published on May 12, 2025, 12:00 AM | 1 min read
മനാമ: ഇസ്രയേലിൽ പരിഭ്രാന്തി പരത്തി വീണ്ടും ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം. ജറുസലേം, ടെൽ അവീവ് ഉൾപ്പെടെ ഇസ്രയേലിൽ ഉടനീളം സൈറൺ മുഴങ്ങി. പതിനായിരക്കണക്കിനു പേർ ബോംബ് ഷെൽട്ടറുകളിലും മറ്റും അഭയം തേടിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം മിസൈൽ ആക്രമണത്തെ തുടർന്ന് ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ സർവീസ് താൽക്കാലികമായി നിർത്തി. മിസൈൽ തടയുന്നതിൽ അമേരിക്കയുടെ താഡ് പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി ഇസ്രയേലി ചാനൽ 14 റിപ്പോർട്ട് ചെയ്തു.
അമേരിക്കയും ഹൂതികളും വെടിനിർത്തൽ കരാറിന് ധാരണയായതായി മധ്യസ്ഥ ചർച്ച ഒരുക്കിയ ഒമാൻ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.
യമനിലെ ഹൂതികൾക്കെതിരായ ബോംബാക്രമണം അമേരിക്ക നിർത്തുമെന്നും പകരം അമേരിക്കൻ കപ്പലുകളെ ആക്രമിക്കുന്നത് നിർത്താൻ ഹൂതികൾ സമ്മതിച്ചതായും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇസ്രയേൽ പലസ്തീൻ സിവിലിയന്മാർക്കെതിരായ വംശഹത്യ അവസാനിപ്പിക്കുന്നതുവരെ ഇസ്രയേലിനെതിരായ ആക്രമണം തുടരുമെന്ന് ഹൂതികൾ വ്യക്തമാക്കി.
0 comments