print edition റിയാദിൽ മിസൈലാക്രമണം

അനസ് യാസിൻ
Published on Mar 24, 2026, 12:38 AM | 1 min read
മനാമ : ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. അബുദാബിയിലെ അൽ ഷവാമെക് മേഖലയിൽ അൽ ദഫ്ര എയർബേസിന് സമീപം വ്യവസായ മേഖല ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈൽ യുഎഇ തകർത്തു. മിസൈൽ അവശിഷ്‍ടംവീണ് ഇന്ത്യക്കാരന് പരിക്കേറ്റു. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടു.
കിഴക്കൻ പ്രവിശ്യയെയും വടക്കൻ അതിർത്തി മേഖലയെയും ലക്ഷ്യമിട്ടെത്തിയ ഏഴ് ഇറാനിയൻ ഡ്രോണുകളും സൗദി സൈന്യം തകർത്തു. തിങ്കൾ പുലർച്ചെ ബഹ്‌റൈനിലും കുവൈത്തിലും മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അപായ സൈറണുകൾ മുഴങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിലെത്തിയ ഏഴ് ഡ്രോണുകളിൽ നാലെണ്ണം സൈന്യം തകർത്തു. മൂന്നെണ്ണം ഭീഷണിയില്ലാത്ത മേഖലകളിൽ പതിച്ചു. കുവൈത്ത് വിമാനത്താവള പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. 147 ബാലിസ്റ്റിക് മിസൈലുകളും 282 ഡ്രോണുകളും ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം ഇതുവരെ തകർത്തതായി ബിഡിഎഫ് ജനറൽ കമാൻഡ് അറിയിച്ചു. അതേസമയം, ഗൾഫ് രാജ്യങ്ങളിലേക്കുള്ള കടൽപാതകൾ ലക്ഷ്യമിട്ട് ഇറാൻ നീക്കം ശക്തമാക്കി.










0 comments