Deshabhimani

print edition ഇറാനെതിരായ സൈനിക നടപടി: ട്രംപിനെതിരെ യുഎസ് കോൺഗ്രസ്‌ പ്രമേയം പാസാക്കി

trump
വെബ് ഡെസ്ക്

Published on Jun 05, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ: ഇറാനെതിരായ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ 208-നെതിരെ 215 വോട്ടുകൾക്കാണ് ഡെമോക്രാറ്റുകൾ മുൻകൈയെടുത്ത പ്രമേയം പാസായത്.


സെനറ്റിന്റെ അന്തിമ അംഗീകാരം ലഭിച്ചാലേ പ്രമേയം നിയമമാകൂ. റിപ്പബ്ലിക്കൻ വിമതരുടെ സഹായത്തോടെ പ്രമേയം പാസായാൽപോലും, അതിനെ തകിടം മറിക്കാൻ പ്രസിഡന്റിന് വീറ്റോ അധികാരം ഉപയോഗിക്കാം. ഇത്‌ മറികടക്കാൻ സെനറ്റിലും പ്രതിനിധി സഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. നിലവിലെ കക്ഷിനില അനുസരിച്ച് അത്രയും വലിയ ഭൂരിപക്ഷമില്ല. എന്നാൽ, ഇറാനുമായി സമാധാനക്കരാറിലെത്താൻ സാധിക്കാതെ ട്രംപ് പ്രതിസന്ധിയിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയമായി വൻതിരിച്ചടിയാണ് ജനപ്രതിനിധിസഭയിലുണ്ടായത്‌.

ട്രംപിന്റെ സൈനിക നീക്കങ്ങൾ തടയാൻ അധോസഭ നടത്തുന്ന നാലാമത്തെ ശ്രമമാണിത്. യുഎസ്‌ കോൺഗ്രസിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യങ്ങളിൽ ദീർഘകാല സൈനിക നടപടികൾ തുടരുന്നതിനെ വിലക്കുന്ന 1973ലെ 'വാർ പവേഴ്‌സ് റെസല്യൂഷൻ' മുൻനിർത്തിയാണ് പുതിയ നീക്കം.


ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ ഫെബ്രുവരി 28-നാണ് യുഎസ് സൈനികനീക്കം ആരംഭിച്ചത്. ഇറാൻ ശക്തമായി തിരിച്ചടിച്ചതോടെ യുഎസ്‌ കണക്കുകൂട്ടൽ പാളി. അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുകയും പണപ്പെരുപ്പം രൂക്ഷമാകുകയും ചെയ്തു. ട്രംപിന്റെ ഏകപക്ഷീയ സൈനികനീക്കം മൂലം യുഎസിലെ നികുതിദായകർക്ക് 10000 കോടിയിലധികം ഡോളർ നഷ്ടമായെന്നും അമേരിക്കയുടെ അന്താരാഷ്ട്രപദവി തകർന്നതായും ഡെമോക്രാറ്റ് നേതാവ് ഹക്കിം ജെഫ്രീസ് ചൂണ്ടിക്കാട്ടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home