പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു
ഇറാഖിൽ യുഎസ്-സൗദി വ്യോമാക്രമണം; ജോർദാനിൽ തിരിച്ചടിച്ച് ഇറാൻ

ബാഗ്ദാദ്/ തെഹ്‌റാൻ: മൂന്നുദിവസത്തെ സമാധാനാന്തരീക്ഷത്തിന് ശേഷം പശ്‌ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്. ഇറാഖിലെ ഇറാൻ അനുകൂല വിഭാഗത്തിനു നേരെ യുഎസും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചു. യുഎസ് സെൻട്രൽ കമാൻഡും സൗദി അറേബ്യയും ചേർന്നാണ് ഇറാഖിൽ വ്യോമാക്രമണം നടത്തിയത്. 20 പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ബാഗ്ദാദ്, നിനവേ, ബസ്ര, കർബല, കിർക്കുക്, ദിയാല, വാസിത് എന്നീ ഏഴ് പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. നിനവേയിൽ മാത്രം എട്ടുപേരാണ് കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. തങ്ങൾക്കും സൗദിക്കും നേരെ നടന്ന മുപ്പതിലേറെ ഡ്രോൺ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് യുഎസ് സൈന്യം ന്യായീകരിച്ചു. തങ്ങളുടെ പെട്രോളിയം സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് ആത്മാഭിമാനം സംരക്ഷിക്കാനുള്ള തിരിച്ചടിയാണിതെന്ന് സൗദി പ്രതിരോധ മന്ത്രാലയവും പ്രതികരിച്ചു. ആദ്യമായാണ് യുഎസുമായി ചേർന്ന് സൗദി ആക്രമണം നടത്തുന്നത്.
ജോർദാനിലെ മുവഫാഖ് സാൽതിയിലെ യുഎസ് താവളത്തിനും സെൻട്രൽ കമാൻഡ് ആസ്ഥാനത്തിനും നേരെയായിരുന്നു ഇറാന്റെ തിരിച്ചടി. യുഎസ് നീക്കങ്ങൾ അവസാനിപ്പിക്കുന്നത് വരെ പ്രതിരോധം തുടരുമെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് അറിയിച്ചു. ഇറാൻ അയച്ച അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യവും യുഎസും അറിയിച്ചു. ഇതിനിടെ ഹോർമുസ് കടലിടുക്കിൽ മുന്നറിയിപ്പുകൾ അവഗണിച്ച് സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ ഇറാൻ തടഞ്ഞു. ഹോർമുസ് സംബന്ധിച്ച് ഒമാൻ മുന്നോട്ടുവെച്ച സംയുക്ത മേൽനോട്ട നിർദേശം ഇറാൻ തള്ളി. ഇൻബൗണ്ട് ഇടനാഴിയുടെ പൂർണ നിയന്ത്രണവും ഔട്ട്ബൗണ്ട് പാതയുടെ ഭാഗിക നിയന്ത്രണവും വേണമെന്ന പുതിയ ആവശ്യവും ഉന്നയിച്ചു.
ഇറാന് ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിമുഴക്കി. ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ പകർച്ചവ്യാധിയാണെന്നും അവർക്കെതിരെ കൂടുതൽ സൈനിക നടപടികൾ ആലോചിക്കുന്നുണ്ടെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാഖിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് യുഎസ്-, സൗദി ആക്രമണമെന്ന് ഇറാൻ വിദേശ മന്ത്രാലയം കുറ്റപ്പെടുത്തി. ഇറാഖ് പ്രസിഡന്റ് നിസാർ അമേദിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളെ ആക്രമിക്കാനോ പ്രവിശ്യാതല തർക്കങ്ങൾ തീർക്കാനോ ഇറാഖ് മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി വ്യക്തമാക്കി. തന്റെ സൗദി സന്ദർശനം മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.
അതേസമയം, സൗദിയിലെ എണ്ണകേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല ഗ്രൂപ്പുകൾ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ ജിസിസിയും കുവൈത്തും ശക്തമായി അപലപിച്ചു. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും മേഖലയുടെ സുരക്ഷ നിലനിർത്താൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.









0 comments