Deshabhimani

മൈക്രോസോഫ്റ്റിലെ ജോലി മടുത്തെന്ന് ജീവനക്കാർ, 60,000 പേർക്ക് പിരിഞ്ഞുപോകാൻ ഓഫർ

microsoft
വെബ് ഡെസ്ക്

Published on Nov 08, 2026, 07:36 PM | 3 min read

ന്യൂയോർക്ക്: എഐയ്ക്കായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്ന മൈക്രോസോഫ്റ്റിൽ ജീവനക്കാരുടെ അതൃപ്തി പുകയുന്നു. ഇന്ത്യയിലടക്കം 60,000 ജീവനക്കാർക്ക് സ്വമേധയാ ജോലിയിൽനിന്ന് പിരിഞ്ഞുപോകാനുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്രവർത്തനരീതിയെ രൂക്ഷമായി വിമർശിച്ച് നിലവിലുള്ളവരും മുൻ ജീവനക്കാരും ചേർന്ന് തുറന്ന കത്ത് പുറത്തിറക്കിയത്. മൈക്രോസോഫ്റ്റിലെ ജോലി സന്തോഷമില്ലാത്തതും ആത്മവിശ്വാസം തകർക്കുന്നതുമായ അനുഭവമായി മാറിയെന്നാണ് ജീവനക്കാർ പറയുന്നത്. തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും പരിസ്ഥിതിയുടെയും താൽപര്യങ്ങളെക്കാൾ എഐ വികസനത്തിനാണ് കമ്പനി മുൻഗണന നൽകുന്നതെന്നും കത്തിൽ ആരോപിക്കുന്നു.


'കൺസേൺഡ് മൈക്രോസോഫ്റ്റ് വർക്കേഴ്സ്' എന്ന പേരിലാണ് ജീവനക്കാർ കത്ത് പ്രചരിപ്പിക്കുന്നത്. ഒക്ടോബർ 26ന് സ്വമേധയാ പിരിഞ്ഞുപോകാനുള്ള പദ്ധതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ കത്ത് ജീവനക്കാർക്കിടയിൽ പ്രചരിച്ചിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. എഐ മേഖലയിലെ നിക്ഷേപം കുത്തനെ വർധിപ്പിച്ചതിനുശേഷം കമ്പനിയിലെ തൊഴിൽസാഹചര്യങ്ങൾ കൂടുതൽ മോശമായെന്നാണ് ജീവനക്കാരുടെ പരാതി. വർധിച്ച ജോലിഭാരവും നിരന്തരമായ സംഘടനാ പുനഃക്രമീകരണങ്ങളും എഐ മൂലം തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയും ജീവനക്കാരെ കടുത്ത സമ്മർദത്തിലാക്കുന്നതായി കത്തിൽ പറയുന്നു.


ജോലിയുടെ എല്ലാ ഘട്ടങ്ങളിലും എഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ ജീവനക്കാർക്കുമേൽ സമ്മർദമുണ്ടെന്നാണ് പ്രധാന വിമർശനം. മതിയായ പരിശീലനമോ വ്യക്തമായ ആവശ്യകതയോ ഇല്ലാതെയാണ് പുതിയ സംവിധാനങ്ങൾ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്. പലപ്പോഴും എഐ തയ്യാറാക്കുന്ന ജോലികളിലെ പിഴവുകൾ തിരുത്താനും നിലവാരമില്ലാത്ത ഫീച്ചറുകൾ പിൻവലിക്കാനും ജീവനക്കാർക്ക് കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നു. ജോലി എളുപ്പമാക്കുമെന്ന പേരിൽ കൊണ്ടുവന്ന സാങ്കേതികവിദ്യ അധികജോലിഭാരം സൃഷ്ടിക്കുകയാണെന്നാണ് ജീവനക്കാരുടെ പരാതി.


എഐ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലും ജീവനക്കാരുടെ അഭിപ്രായം പരിഗണിക്കണമെന്നും എഐയുടെ ഉപയോഗം നിർബന്ധമാക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു. എഐ ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതും അച്ചടക്കനടപടി സ്വീകരിക്കുന്നതും അവസാനിപ്പിക്കണം. ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും എഐ വികസനത്തിനായി പ്രഖ്യാപിത പരിസ്ഥിതി ലക്ഷ്യങ്ങൾ ഉപേക്ഷിക്കരുതെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. 2030ഓടെ കാർബൺ നെഗറ്റീവ്, വാട്ടർ പോസിറ്റീവ്, മാലിന്യരഹിത പ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പ്രതിജ്ഞാബദ്ധത കമ്പനിക്കുണ്ടാവണമെന്നും കത്തിൽ പറയുന്നു.


ഡാറ്റാ സെന്റർ പദ്ധതികളിലെ സുതാര്യതക്കുറവും അമേരിക്കൻ കുടിയേറ്റ എൻഫോഴ്സ്മെന്റ് ഏജൻസിയായ ഐസുമായും ഇസ്രയേൽ സൈന്യവുമായുമുള്ള കരാറുകളും ജീവനക്കാർ ചോദ്യം ചെയ്തു. ഏതാനും എഐ കമ്പനികൾക്കിടയിൽ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിക്കുന്നതിനെയും കത്തിൽ വിമർശിക്കുന്നു.


ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, കാനഡ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങളിലുള്ള ജീവനക്കാർക്കാണ് മൈക്രോസോഫ്റ്റ് സ്വമേധയാ പിരിഞ്ഞുപോകാനുള്ള അവസരം പ്രഖ്യാപിച്ചത്. കമ്പനിയുടെ ആഗോള ജീവനക്കാരിൽ ഏകദേശം 27 ശതമാനം പേരാണ് പദ്ധതിയുടെ പരിധിയിൽ വരുന്നത്. എഐ, കോപൈലറ്റ്, വിൻഡോസ്, എക്സ്ബോക്സ്, ധനകാര്യ, മാനവവിഭവശേഷി വിഭാഗങ്ങളിലെ ജീവനക്കാരും ഇതിൽ ഉൾപ്പെടും. പിരിഞ്ഞുപോകുന്നവർക്ക് സാമ്പത്തിക സഹായവും പുതിയ തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണയും നൽകുമെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ 60,000 പേരെ നിർബന്ധിതമായി പിരിച്ചുവിടുമെന്നല്ല പ്രഖ്യാപനത്തിന്റെ അർഥം.


ഇന്ത്യയിലെ ഏകദേശം 23,000 മൈക്രോസോഫ്റ്റ് ജീവനക്കാരിൽ യോഗ്യരായവർക്കും ഈ പദ്ധതി ബാധകമാണ്. എത്ര ഇന്ത്യൻ ജീവനക്കാർക്ക് ഓഫർ ലഭിക്കുമെന്നോ എത്രപേർ അത് സ്വീകരിക്കുമെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല.


ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലും അതൃപ്തി ശക്തമാണ്. എഐ നിക്ഷേപത്തിനായി വൻതുക മാറ്റിവയ്ക്കുമ്പോഴും ചില ജീവനക്കാരുടെ വാർഷിക ശമ്പളവർധന ഒരു ശതമാനത്തിൽ താഴെയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 26ലെ പിരിഞ്ഞുപോകൽ പദ്ധതി പ്രഖ്യാപനത്തിന് രണ്ടുദിവസത്തിനുശേഷം പുറത്തുവിട്ട ത്രൈമാസ കണക്കിൽ മൈക്രോസോഫ്റ്റ് 3660 കോടി ഡോളർ ലാഭമാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 32 ശതമാനം വർധനയുണ്ടായി. കമ്പനിയുടെ വരുമാനം 9230 കോടി ഡോളറിലെത്തി. ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള മൂലധനച്ചെലവ് 4520 കോടി ഡോളറായും ഉയർന്നു.


സെപ്തംബറിൽ കമ്പനി വിട്ട ഡിസൈൻ വിഭാഗത്തിലെ മുതിർന്ന ജീവനക്കാരി ഗ്രെച്ചൻ തോമസും തൊഴിൽസാഹചര്യങ്ങളിലെ മാറ്റത്തെ വിമർശിച്ചു. എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളിൽ വേണ്ടത്ര വേഗത്തിൽ പരീക്ഷണങ്ങൾ നടത്തുന്നില്ലെന്ന വിലയിരുത്തൽ തന്റെ ഓഹരി ആനുകൂല്യത്തെ ബാധിച്ചതായി അവർ പറഞ്ഞു.


ഇതിനിടെ, സ്വമേധയാ പിരിഞ്ഞുപോകാനുള്ള പദ്ധതി എഐ മൂലമുള്ള തൊഴിൽമാറ്റങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നാണ് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ എമി കോൾമാന്റെ വിശദീകരണം. പുതിയ അവസരങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് പിന്തുണ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകാൻ അധികൃതർ തയ്യാറായിട്ടില്ല.


2026 ജൂൺ അവസാനത്തെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റിന് ലോകത്താകെ 2.23 ലക്ഷം ജീവനക്കാരാണുള്ളത്. ജൂലൈയിൽ മാത്രം 4800 തസ്തികകൾ വെട്ടിക്കുറച്ചിരുന്നു. സ്വമേധയാ പിരിഞ്ഞുപോകുന്നവർക്കു പകരം പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്നും അവശേഷിക്കുന്ന ജീവനക്കാരുടെ ജോലിഭാരം വർധിക്കുമെന്നുമാണ് ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home