Deshabhimani

മൈക്രോസോഫ്റ്റ് സേവനത്തകരാർ; ഏഷ്യാ പസഫിക് മേഖലയിൽ ഭാഗികമായി പുനഃസ്ഥാപിച്ചു, സമയപരിധി 48 മണിക്കൂറാക്കി

microsoft
വെബ് ഡെസ്ക്

Published on Nov 13, 2026, 06:36 PM | 1 min read

ന്യൂഡൽഹി: മൈക്രോസോഫ്റ്റിന്റെ ഔട്ട്‌ലുക്ക്, ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ തടസ്സപ്പെട്ടത് ഏഷ്യാ പസഫിക് മേഖലയിൽ ഭാഗികമായി പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച ആരംഭിച്ച സാങ്കേതിക തകരാർ വെള്ളിയാഴ്ചയും തുടരുകയാണ്. ഏഷ്യാ പസഫിക് മേഖലയിലെ ചില ഭാഗങ്ങളിൽ സേവനങ്ങൾ പുനഃസ്ഥാപിച്ചെങ്കിലും ഉപയോക്താക്കൾക്ക് ഇടയ്ക്കിടെ തടസ്സങ്ങൾ നേരിടേണ്ടിവരുമെന്ന് കമ്പനി അറിയിച്ചു.


ഇമെയിലുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ വൈകിയെത്തുന്ന ഇമെയിലുകൾ സംവിധാനത്തിൽ നിലനിർത്തുന്നതിനുള്ള സമയപരിധി 48 മണിക്കൂറായി ഉയർത്തി. അമേരിക്കൻ സമയം രാവിലെ 11.17 ഓടെയാണ് സാങ്കേതിക തകരാർ ആരംഭിച്ചത്. ആദ്യം എക്സ്ചേഞ്ച് ഓൺലൈൻ ഇമെയിൽ സേവനത്തെയാണ് ബാധിച്ചത്. പിന്നീട് മൈക്രോസോഫ്റ്റ് 365ന്റെ മറ്റ് സേവനങ്ങളിലേക്കും പ്രശ്നം വ്യാപിച്ചു. എഴുപതിലധികം രാജ്യങ്ങളിൽ സേവനത്തകരാർ റിപ്പോർട്ട് ചെയ്തു.


സെർവറുകളിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. സെർവറുകൾ പുനഃക്രമീകരിച്ചെങ്കിലും പൂർണമായും പ്രശ്നം പരിഹരിക്കാനായിട്ടില്ല. സേവനങ്ങൾ സാധാരണ നിലയിലാക്കാൻ കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിക്കുന്നുണ്ടെന്നും സൈബർ ആക്രമണമാണ് തകരാറിന് കാരണമെന്നതിന് തെളിവില്ലെന്നും കമ്പനി അറിയിച്ചു.


ഡൗൺഡിറ്റക്ടറിന്റെ കണക്കുപ്രകാരം അഞ്ച് മൈക്രോസോഫ്റ്റ് സേവനങ്ങളിലായി ഒരുമിനിറ്റിൽ 19,650 പരാതികൾവരെ റിപ്പോർട്ട് ചെയ്തു. അമേരിക്കയിൽ മാത്രം ഔട്ട്‌ലുക്ക് സംബന്ധിച്ച പരാതികൾ വ്യാഴാഴ്ച മാത്രം 1.30 ലക്ഷം കവിഞ്ഞു.


ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും സേവനങ്ങൾ തടസ്സപ്പെട്ടു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ സർക്കാർ സ്ഥാപനങ്ങളെയും പ്രതിസന്ധി ബാധിച്ചു. ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ പ്രവർത്തനങ്ങളിലും തടസ്സങ്ങളുണ്ടായി. തായ്‌വാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും തകരാർ ബാധിച്ചു..ഈ വർഷം രണ്ടാം തവണയാണ് മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home