മെക്സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്; തായ്ലൻഡ് റണ്ണർ അപ്

miss universe 2025
വെബ് ഡെസ്ക്

Published on Nov 21, 2025, 11:08 AM | 1 min read

ബാങ്കോക്ക് : 2025ലെ മിസ് യൂണിവേഴ്സ് കിരീടം ചൂടി മെക്സിക്കോയുടെ ഫാത്തിമ ബോഷ്. തായ്ലൻഡിൽ നടന്ന ചടങ്ങില്‍ കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിന്റെ വിക്ടോറിയ തെയ്ൽവി​ഗ് ഫാത്തിമയെ 74ാം മിസ് യൂണിവേഴ്സ് കിരീടമണിയിച്ചു. തായ്ലൻഡിന്റെ പ്രവീണർ സിങ്ങാണ് ഫസ്റ്റ് റണ്ണർ അപ്. ഇവർക്കു പുറമെ വെനസ്വേലയുടെ സ്റ്റെഫാനി അബസാലി, ഫിലിപ്പൈൻസിന്റെ അഹ്തിസ മനാലോ, ഐവറി കോസ്റ്റിന്റെ ഒലിവിയ യാസെ എന്നിവർ ടോപ്പ് 5ലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച മാണിക വിശ്വകർമ ടോപ്പ് 12-ൽ ഇടം നേടാതെ പുറത്തായി. 2021ലാണ് ഇന്ത്യ അവസാനമായി മിസ് യൂണിവേഴ്സ് കിരീടം നേടിയത്. ഹർനാസ് സന്ധുവായിരുന്നു വിജയി.


miss universeമിസ് യൂണിവേഴ്സ് അവസാന അഞ്ചിലെത്തിയ മത്സരാര്‍ഥികള്‍


അഞ്ചു വർഷത്തിനു ശേഷമാണ് മെക്സിക്കോ വീണ്ടും കിരീടം ചൂടുന്നത്. 2020ൽ മെക്സിക്കോയുടെ ആൻഡ്രിയ മേസ ആയിരുന്നു വിജയി. മെക്സിക്കോയിലെ ടബാസ്കോയിലെ വില്ലഹെർമോസയിൽ നിന്നുള്ള 25കാരിയായ ഫാത്തിമ ബോഷ് വിവാദങ്ങൾക്കൊടുവിലാണ് വിജയിയാകുന്നത്. നവംബർ ആദ്യം മിസ് യൂണിവേഴ്സ് ഡയറക്ടർ നവത് ഇറ്റ്സരാഗ്രിസിൽ ഫാത്തിമയോട് ആക്രോശിക്കുന്നതിന്റെയും അപമാനിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിരുന്നു. ഫാത്തിമയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മറ്റ് മത്സരാർഥികൾ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജമൈക്കൻ മത്സരാർഥിക്ക് വേദിയിൽ നിന്ന് വീണ് പരിക്കേറ്റതും വിധികർത്താക്കളിൽ ചിലർ രാജി വച്ചതും ഇത്തവണത്തെ മിസ് യൂണിവേഴ്സ് മത്സരങ്ങളിലുണ്ടായി.


സംഭവം വിവാദമായതോടെ സംഘാടകർ നവതിനെ ചുമതലയിൽ‌ നിന്ന് മാറ്റി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം മത്സരാർഥികളാണ് മിസ് യൂണിവേഴ്സിൽ പങ്കെടുത്തത്. ബാഡ്മിന്റൺ താരം സൈന നേഹ്‍വാൾ വിധികർത്താവായിരുന്നു. 1952 മുതലാണ് മിസ് യൂണിവേഴ്സ് ആരംഭിച്ചത്. പോർട്ടോ റീക്കോയിലാണ് അടുത്ത വർഷം മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Home