റഷ്യൻ എണ്ണവാങ്ങുന്നത് പൂർണ്ണമായും നിർത്തിയതായി റിലയൻസ്

ന്യൂഡൽഹി: റഷ്യയ്ക്കെതിരായ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യൻ എണ്ണകമ്പനികൾ ഓരോന്നായി ചുവട് മാറ്റുന്നു. റിലയൻസ് ഗുജറാത്തിലെ അവരുടെ ഏറ്റവും വലിയ റിഫൈനറികളിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി പൂർണ്ണമായും നിർത്തി. യൂറോപ്യൻ യൂണിയൻ ഉപരോധങ്ങൾ പാലിച്ച് റിഫൈനറിയി റഷ്യൻ ക്രൂഡ് ഉപയോഗം നിർത്തി എന്നാണ് അറിയിച്ചിരിക്കുന്നത്.
വ്യാപര കരാറിന് മുന്നോടിയായി ഇന്ത്യ റഷ്യൻ എണ്ണവാങ്ങുന്നത് പൂർണ്ണമായും നിർത്താമെന്ന് സമ്മതിച്ചതായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഈ വിവരം നിഷേധിക്കയായിരുന്നു. ട്രംപ് ഇന്ത്യ തന്റെ ഭീഷണിക്ക് വഴങ്ങിയതായും ക്രമേണ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് സമ്മതിച്ചതായും ആവർത്തിച്ചു.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് രണ്ട് റിഫൈനറികളാണ് ഗുജറാത്തിലുള്ളത്. ജാംനഗറിലെ കയറ്റുമതിക്ക് മാത്രം ലക്ഷ്യമാക്കിയുള്ള SEZ റിഫൈനറിയിൽ റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗം നവംബർ 20 മുതൽ പൂർണ്ണമായി നിർത്തിയതായി കമ്പനി അറിയിച്ചു.
റിലയൻസ് ഇന്ത്യയിലെ തന്നെ ഏറ്റവും അധികം റഷ്യൻ ക്രൂഡ് വാങ്ങുന്ന കമ്പനിയാണ്. ജാംനഗറിലെ രണ്ടു റിഫൈനറികളിളെ SEZ യൂണിറ്റ് (കയറ്റുമതിക്കായി) DTA യൂണിറ്റ് (ഇന്ത്യൻ ആഭ്യന്തര ആവശ്യങ്ങൾക്ക്) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.
യൂറോപ്യൻ യൂണിയനിലേക്കും യുഎസിലേക്കും മറ്റ് വിപണികളിലേക്കും ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്നത് സെസ് യൂണിറ്റാണ്. ആഭ്യന്തര വിപണിക്ക് അനുയോജ്യമായ എണ്ണ ശുദ്ധീകരിക്കുന്നത് ഡിറ്റിഎ എന്ന പഴയ യൂണിറ്റിലാണ്.
അമേരിക്ക റൊസ്നെഫ്റ്റിനും ലുകോയിൽക്കും മേൽ ഉപരോധങ്ങൾ ശക്തമാക്കിയതോടെ തന്നെ റിലയൻസ് റഷ്യൻ എണ്ണ വാങ്ങൽ കുറച്ചിരുന്നു. കമ്പനിക്ക് അമേരിക്കയിൽ വലിയ ബിസിനസ് താൽപര്യങ്ങളുള്ളതും ചർച്ചയായി.
റിലയൻസിന്റെ 25-വർഷ കരാർ പ്രകാരം റഷ്യയിൽ നിന്നു പ്രതിദിനം 5 ലക്ഷം ബാരൽ വരെ എണ്ണ വാങ്ങാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നും. ഒക്ടോബർ 22, 2025 വരെ ബുക്കുചെയ്‌തിട്ടുള്ള റഷ്യൻ ക്രൂഡ് ഷിപ്പ്മെന്റുകൾ മാത്രമേ പൂർത്തിയാക്കുകയുള്ളു എന്നാണ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്.
2025-ൽ ഇന്ത്യയുടെ കയറ്റുമതി എണ്ണയുടെ മൂന്നിലൊന്ന് റഷ്യയിൽ നിന്നുള്ള എണ്ണ ഉപയോഗിച്ചായിരുന്നു. ഇതിൽ വലിയ ശാതമാനവും റിലയൻസ്, നായാര എനർജി പോലുള്ള സ്വകാര്യ റിഫൈനറികളുടെ കൈവശമാണ്. ഈ കമ്പനികൾ ക്രൂഡ് ഓയിലിനെ പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയാക്കി ശുദ്ധീകരിക്കുന്നു. ഇതിൽ വലിയൊരു പങ്ക് യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഉക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യൻ എണ്ണയ്ക്ക് മേൽ യു എസ് ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ഇതര രാജ്യങ്ങൾ എണ്ണ വാങ്ങുന്നത് നിർത്തി. റിലയൻസ് ഉൾപ്പെടെ കമ്പനികൾക്ക് ഇത് വില കുഞ്ഞ ക്രൂഡ് ഓയിൽ ലഭിക്കുന്നതിന് വൻ അവസരമായി.








0 comments