ad
Deshabhimani

ഓഫീസുകളിൽ ബഹളമില്ല, പ്രതിഷേധമില്ല; ജീവനക്കാരെ വീട്ടിലിരുത്തി മെറ്റയുടെ കൂട്ടപ്പിരിച്ചുവിടൽ

Meta.jpg
വെബ് ഡെസ്ക്

Published on May 20, 2026, 11:59 AM | 2 min read

ന്യൂഡൽഹി: ആഗോള ഐടി മേഖലയെ വീണ്ടും പിടിച്ചുകുലുക്കിക്കൊണ്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസ് തങ്ങളുടെ പത്ത് ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000-ത്തോളം ജീവനക്കാർക്കാണ് ഇതോടെ ജോലി നഷ്ടമാകുന്നത്. കമ്പനിയുടെ ഏഷ്യൻ ഹബ്ബായ സിംഗപ്പൂരിലാണ് ബുധനാഴ്ച പുലർച്ചെ മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്.


എന്നാൽ, ഓഫീസുകളിൽ ഉണ്ടാകാനിടയുള്ള വലിയ ജനരോഷവും കൂട്ടായ്മകളും ഒഴിവാക്കാൻ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (വർക്ക് ഫ്രം ഹോം) നിർദ്ദേശിച്ച ശേഷമാണ് മെറ്റാ മാനേജ്‌മെന്റ് പിരിച്ചുവിടൽ ഇമെയിലുകൾ അയച്ചു തുടങ്ങിയത് എന്നത് ശ്രദ്ധേയമാണ്. സിംഗപ്പൂരിലെ ജീവനക്കാർക്ക് പുലർച്ചെ 4 മണിയോടെയാണ് (ഇന്ത്യൻ സമയം 1:30 am) ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ഇമെയിലുകൾ ലഭിച്ചു തുടങ്ങിയത്.


വരും മണിക്കൂറുകളിൽ യുഎസ്, ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലെ ജീവനക്കാർക്കും സമയമേഖലകൾ അനുസരിച്ച് ഈ ഇമെയിലുകൾ ലഭിക്കും. ഓഫീസുകളിൽ യാതൊരുവിധത്തിലുള്ള ചർച്ചകൾക്കോ പ്രതിഷേധങ്ങൾക്കോ ഇടനൽകാതെ തികച്ചും നിശബ്ദമായാണ് കമ്പനി ഈ നടപടി പൂർത്തിയാക്കുന്നത്. കമ്പനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 78,000 ആയിരിക്കെയാണ് ഈ വെട്ടിനിരത്തൽ.


ചീഫ് പീപ്പിൾ ഓഫീസറുടെ ആഭ്യന്തര മെമ്മോ പ്രകാരം, കമ്പനിയിൽ നിലവിലുണ്ടായിരുന്ന ആറായിരത്തോളം ഒഴിവുകൾ പൂർണ്ണമായി റദ്ദാക്കി. കൂടാതെ മാനേജീരിയൽ തസ്തികകളുടെ എണ്ണവും വെട്ടിക്കുറച്ചു. ചെറിയ ടീമുകളായി പ്രവർത്തിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് കമ്പനിയുടെ വാദം. എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക.


കമ്പനി സിഇഒ മാർക്ക് സക്കർബർഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനായി 7,000 ജീവനക്കാരെ പുതിയ എ ഐ ടീമുകളിലേക്ക് മാറ്റും. ഈ വർഷം മാത്രം 125 മുതൽ 145 ബില്യൺ ഡോളർ വരെയാണ് മെറ്റ എ ഐ സാങ്കേതികവിദ്യയ്ക്കായി നിക്ഷേപിക്കുന്നത്.


പിരിച്ചുവിടൽ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം മുതൽ തന്നെ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്ക നിലനിന്നിരുന്നു. ഇതിനിടയിൽ, എ ഐ പരിശീലനത്തിനായി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലെ മൗസ് ചലനങ്ങളും കീസ്‌ട്രോക്കുകളും നിരീക്ഷിക്കാനുള്ള പുതിയ ആഭ്യന്തര ടൂൾ മെറ്റ അവതരിപ്പിച്ചത് ജീവനക്കാരെ കൂടുതൽ ചൊടിപ്പിച്ചു.


അടിമത്തത്തിന് സമാനമായ ഈ നിരീക്ഷണത്തിനെതിരെ ആയിരത്തിലധികം ജീവനക്കാർ ഒപ്പിട്ട നിവേദനം മാനേജ്‌മെന്റിന് സമർപ്പിച്ചിട്ടുണ്ട്. തൊഴിൽ നഷ്ടം മെറ്റയിൽ മാത്രം ഒതുങ്ങുന്നതല്ല, ആഗോളതലത്തിൽ മുഴുവൻ ടെക് കമ്പനികളിലും ഈ പ്രവണത ആവർത്തിക്കുകയാണ്. കഴിഞ്ഞ ആഴ്ച സിസ്കോ സിസ്റ്റംസ് (Cisco) 4,000 ജോലികൾ വെട്ടിക്കുറച്ചിരുന്നു.


മൈക്രോസോഫ്റ്റ്, ആമസോൺ, ഡിസ്നി, എഎസ്എംഎൽ (ASML) തുടങ്ങിയ പ്രമുഖ കമ്പനികളും പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഒറാക്കിൾ (Oracle) ലോകമെമ്പാടുമുള്ള 20,000 മുതൽ 30,000 വരെ ജീവനക്കാരെയാണ് സമാനമായ രീതിയിൽ ഇമെയിൽ വഴി പിരിച്ചുവിട്ടത്.


സാങ്കേതിക രംഗത്തെ അസ്ഥിരത ഒരു താല്കാലിക പ്രതിസന്ധിയല്ലെന്നും, മറിച്ച് വലിയൊരു ഘടനാപരമായ മാറ്റമാണെന്നും റെഡോക്യു (RedoQ) സിഇഒ ദീപൽ ദത്ത വ്യക്തമാക്കുന്നു. ജനറേറ്റീവ് ഐടിയുടെയും ഓട്ടോമേറ്റഡ് സംവിധാനങ്ങളുടെയും കടന്നുവരവോടെ സാധാരണ കോഡിങ്, കസ്റ്റമർ കെയർ, ഡാറ്റാ മാനേജ്‌മെന്റ് ജോലികളുടെ പ്രാധാന്യം നഷ്ടപ്പെട്ടു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home