ad
Deshabhimani

കെഎസ്ആർടിസി സൗജന്യയാത്ര; പ്രതിസന്ധിയിലായ കാസർകോട്ടെ സ്വകാര്യ ബസുകൾ ജൂലൈ 6-ന് പണിമുടക്കും

Private bus.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 08:24 PM | 1 min read

കാസർകോട്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സൗജന്യയാത്രയെത്തുടർന്ന് കടുത്ത പ്രതിസന്ധിയിലായ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുടമകൾ പണിമുടക്കിലേക്ക്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ജൂലൈ 6-ന് ജില്ലയിൽ സൂചന പണിമുടക്ക് നടത്തും.


അന്ന് ജില്ലയിലെ മുഴുവൻ ബസുകളും സർവീസ് നിർത്തിവെക്കും. കെഎസ്ആർടിസി റെഗുലർ സർവീസുകൾ ഉള്ള റൂട്ടുകളിൽ തങ്ങൾക്ക് ഡീസലടിക്കാൻ പോലും വരുമാനം ലഭിക്കുന്നില്ലെന്ന് ബസുടമകൾ പരാതിപ്പെടുന്നു. മറ്റു റൂട്ടുകളിൽ പ്രതിദിന വരുമാനത്തിൽ 1500 രൂപ മുതൽ 3000 രൂപ വരെ കുറവുണ്ടായതായും ഇവർ പറയുന്നു.


പണിമുടക്ക് ദിനത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്. സൗജന്യയാത്ര വോട്ടർ ഐഡി കാർഡ് മുഖേന ദിവസത്തിൽ രണ്ടു യാത്രയായി പരിമിതപ്പെടുത്തുക. ഇന്റർ സ്റ്റേറ്റ് 'ടൗൺ ടു ടൗൺ' ബസുകളിൽ സൗജന്യയാത്ര അനുവദിക്കരുത്. സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക.


സ്വകാര്യ ബസുകളുടെ റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുക. ഡീസലിന് 50% സബ്‌സിഡി അനുവദിക്കുക. സർക്കാർ ജീവനക്കാരല്ലാത്ത സ്ത്രീകൾ, വിദ്യാർത്ഥികൾ, 65 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് മാത്രമായി സൗജന്യയാത്ര പരിമിതപ്പെടുത്തുക. തൊഴിലാളി ക്ഷേമനിധി വിഹിതം സർക്കാർ ഏറ്റെടുക്കുക എന്നിവയാണ് സ്വകാര്യ ബസുടമകൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home