ad
Deshabhimani

ഒരു വർഷം മുമ്പ് മോഷ്ടിച്ച ആഭരണങ്ങൾ ധരിച്ച് റീൽ ചെയ്തു; യുവതി പിടിയിൽ

Robbery

വിമല ദേവി (Photo: NDTV)

വെബ് ഡെസ്ക്

Published on Jul 03, 2026, 08:40 PM | 1 min read

ഡെറാഡൂൺ: മോഷ്ടിച്ച ആഭരണങ്ങൾ ധരിച്ച് റീൽ ചെയ്ത യുവതി പിടിയിൽ. ഉത്തര്‍പ്രദേശ് സ്വദേശിനി വിമല ദേവിയാണ് പിടിയിലായത്. ഒരു വർഷം മുൻപാണ് യുവതി 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നത്. ഡെറാഡൂണിലെ ഐടി പാർക്കിലുള്ള 'സിക്ക കിമയ ഗ്രീൻസിൽ' താമസിക്കുന്ന നിതീഷ വത്സിന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ജാഖനിലെ ഭാഗീരഥി പുരത്തുള്ള 'ഡൂൺ റിപ്പബ്ലിക് അപ്പാർട്ട്‌മെന്റിൽ' താമസിക്കുമ്പോഴായിരുന്നു മോഷണം നടന്നത്. വൈരക്കല്ലുകൾ പതിപ്പിച്ച രണ്ട് മോതിരങ്ങൾ, സ്വർണ്ണ മാല, വൈരക്കല്ലുകൾ പതിപ്പിച്ച ഹൃദയാകൃതിയിലുള്ള പെൻഡന്റ്, ഒരു ഡയമണ്ട് നെക്ലേസ്, സ്വർണ്ണ ലോക്കറ്റ് എന്നിവയാണ് നഷ്ടപ്പെട്ടിരുന്നത്.


ആ സമയത്ത് നിതീഷയുടെ വീട്ടുജോലിക്കാരിയായിരുന്നു വിമല ദേവി. അന്ന് ആഭരണങ്ങൾ പോയതിൽ നിതീഷയ്ക്ക് സംശയം വിമലയെയായിരുന്നു. എന്നാൽ അവർ കുറ്റം നിഷേധിക്കുകയും, താൻ നിരപരാധിയാണെന്ന് ആവർത്തിച്ചു പറയുകയും തെളിയിക്കാൻ പൊലീസിൽ പരാതി നൽകാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു. ഇതോടെ ആഭരണങ്ങൾ മറ്റാരെങ്കിലും എടുത്തതാകാം എന്ന് നിതീഷ കരുതി. പിന്നീട് ആഭരണങ്ങൾ കണ്ടെത്താനാകാതെ വന്നതോടെ അന്വേഷണം വഴിമുട്ടിയിരുന്നു.


കഴിഞ്ഞ മാസം ജൂൺ 29 നാണ് കഥ മാറി മറിഞ്ഞത്. നിതീഷയുടെ പരിചയക്കാരിൽ ഒരാൾ വിമല ദേവിയുടെ ഇൻസ്റ്റാഗ്രാം റീലും വാട്സാപ്പ് സ്റ്റാറ്റസും അപ്രതീക്ഷിതമായി കാണാനിടയായി. വീഡിയോയിലും ചിത്രങ്ങളിലും വിമല ദേവി ധരിച്ചിരുന്ന ആഭരണങ്ങൾ നിതീഷയുടേതാണെന്ന് തിരിച്ചറിഞ്ഞു. ദൃശ്യങ്ങൾ നിതീഷയ്ക്ക് അയച്ച് ആഭരണങ്ങൾ അവരുടേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് വീഡിയോയും ചിത്രങ്ങളുമായി നിതീഷ പൊലീസിനെ സമീപിച്ചു.


തുടർന്ന് കഴിഞ്ഞ ദിവസം നിതീഷയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിമല ദേവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നഷ്ടപ്പെട്ടുപോയ ആഭരണങ്ങളും ഒപ്പം ഒരു മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വിമല ദേവി കുറ്റം സമ്മതിച്ചു. നിതീഷ വത്സിന്റെ വീട്ടിൽ വീട്ടുജോലി ചെയ്തിരുന്നതായും മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന വിലകൂടിയ ആഭരണങ്ങൾ പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിരുന്നതായും അവർ പൊലീസിനോട് പറഞ്ഞു. അനുയോജ്യമായ അവസരം ലഭിച്ചപ്പോൾ ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നുവെന്ന് വിമല മൊഴി നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home