മെറ്റയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; 8,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

സിംഗപ്പൂർ: മെറ്റാ പ്ലാറ്റ്‌ഫോംസ് (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി) ആഗോളതലത്തിൽ വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ചെലവ് ചുരുക്കലിന്റെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളുടെയും ഭാഗമായി അയ്യായിരത്തിലധികം (ഏകദേശം 8,000) ജീവനക്കാരെ ഒഴിവാക്കാനാണ് മെറ്റയുടെ തീരുമാനം.
കമ്പനിയുടെ ഏഷ്യൻ ഹബ്ബായ സിംഗപ്പൂരിലാണ് ബുധനാഴ്ച രാവിലെ മുതൽ പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചത്. യൂറോപ്പിലെയും യുഎസിലെയും ജീവനക്കാർക്കും വരും മണിക്കൂറുകളിൽ ജോലി നഷ്ടമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിക്കുമെന്നാണ് മെറ്റയുടെ ആഭ്യന്തര മെമ്മോ സൂചിപ്പിക്കുന്നത്.
പിരിച്ചുവിടൽ നടപടികൾ പുരോഗമിക്കുന്നതിനാൽ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. മെറ്റയുടെ എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. കമ്പനി സിഇഒ മാർക്ക് സക്കർബർഗ് എ ഐ സാങ്കേതികവിദ്യയ്ക്ക് മുൻഗണന നൽകുന്നതിനാലാണ് ഈ പുനഃസംഘടന.
ഗൂഗിൾ, ഓപ്പൺ എ ഐ തുടങ്ങിയ എതിരാളികളോട് മത്സരിക്കാൻ മെറ്റ ഈ വർഷം വലിയ തുകയാണ് എ ഐ രംഗത്ത് നിക്ഷേപിക്കുന്നത്. ഇതിന്റെ ഭാഗമായി 7,000-ത്തോളം ജീവനക്കാരെ എ ഐ പ്രൊജക്റ്റുകളിലേക്ക് മാറ്റിയതായും കമ്പനി അറിയിച്ചു. ചെറിയ ടീമുകളായി പ്രവർത്തിക്കുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുമെന്നാണ് മെറ്റയുടെ വിലയിരുത്തൽ.
എന്നാൽ തുടർച്ചയായ പിരിച്ചുവിടലുകൾ ജീവനക്കാർക്കിടയിൽ വലിയ ആശങ്കയ്ക്കും നിരാശയ്ക്കും കാരണമായിട്ടുണ്ട്. കൂടാതെ, എ ഐ പരിശീലനത്തിനായി ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലെ കീസ്‌ട്രോക്കുകൾ, മൗസ് ചലനങ്ങൾ, സ്‌ക്രീൻ ഉള്ളടക്കങ്ങൾ എന്നിവ നിരീക്ഷിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ ആയിരത്തിലധികം ജീവനക്കാർ ഒപ്പിട്ട നിവേദനം സക്കർബർഗിന് സമർപ്പിച്ചിട്ടുണ്ട്.
എ ഐ മേഖലയിലെ മെറ്റയുടെ അമിത നിക്ഷേപം കമ്പനിക്ക് എത്രത്തോളം ലാഭകരമാകുമെന്ന കാര്യത്തിൽ നിക്ഷേപകർക്കിടയിലും ആശങ്ക ശക്തമാണ്.











0 comments