യുഎസിൽ അഞ്ചാംപനി പടരുന്നു; 3 മരണം

ഹൂസ്റ്റൺ : അഞ്ചാംപനി പടർന്നുപിടിക്കുന്ന അമേരിക്കയിൽ രോഗം ബാധിച്ച് ഒരു കുട്ടികൂടി മരിച്ചു. വാക്സിനേഷൻ എടുക്കാത്ത രണ്ടാമത്തെ കുട്ടിയാണ് ടെക്സാസിൽ മരിച്ചത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ലുബ്ബോക്കിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ അറിയിച്ചു.
ഫെബ്രുവരിയിൽ ടെക്സാസിൽ മറ്റൊരു കുട്ടിയും മാർച്ച് ആദ്യം അയൽസംസ്ഥാനമായ ന്യൂ മെക്സിക്കോയിൽ ഒരു മുതിർന്നയാളും അഞ്ചാംപനി ബാധിച്ച് മരിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഈവർഷം 21 സംസ്ഥാനങ്ങളിലായി 607 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. 74 പേരാണ് ആശുപത്രികളിലുള്ളത്. 2024-ല്‍ ആകെ അഞ്ചാംപനി ബാധിതരുടെ എണ്ണം 285 ആയിരുന്നു. ടെക്സാസിൽ 481 കേസ് റിപ്പോർട്ട് ചെയ്തു. ഈ പ്രവണത തുടർന്നാൽ 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് നീങ്ങുകയെന്ന് ബെയ്‌ലർ കോളേജ് ഓഫ് മെഡിസിനിലെ വാക്സിൻ വിദഗ്ദ്ധൻ പീറ്റർ ഹോട്ടസ് പ റഞ്ഞു.
പ്രതിരോധവാക്സിൻ വഴി തടയാൻ കഴിയുമെന്നിരിക്കെ, ലോകമെമ്പാടും ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായി അഞ്ചാംപനി തുടരുകയാണ്. അമേരിക്കയിലെ രോഗബാധിതരില്‍ 97 ശതമാനവും വാക്സിന്‍ എടുക്കാത്തവരാണ്.










0 comments