ad
Deshabhimani

തുർക്കിയയിൽ നൂറുകണക്കിനുപേർ
 അറസ്‌റ്റിൽ

തൊഴിലാളി ഐക്യം ; മെയ്‌ദിന ആവേശത്തിൽ ലോകം

may day rally

ഹവാനയില്‍ മെയ് ദിനറാലിയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ അണിചേര്‍ന്നപ്പോള്‍

വെബ് ഡെസ്ക്

Published on May 03, 2025, 12:35 AM | 2 min read


ടോക്യോ :

തൊഴിലാളിവർഗ ഐക്യം വിളിച്ചോതി ലോകമെമ്പാടും മെയ്‌ദിനാഘോഷം. വിവിധ രാജ്യങ്ങളിൽ മഹാ റാലികളും പ്രക്ഷോഭ പരിപാടികളുമായി ലക്ഷക്കണക്കിന്‌ ആളുകൾ നിരത്തിലിറങ്ങി. അമേരിക്കയിൽ ഷിക്കാഗോ, ലൊസ്‌ ആഞ്ചലസ്‌, ന്യൂയോർക്ക്‌, ഫിലാഡൽഫിയ എന്നിവിടങ്ങളിലടക്കം പ്രധാന നഗരങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത റാലികൾ നടന്നു.


അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും വികല നടപടികൾക്കുമെതിരെ അമേരിക്കയിലും വിവിധ രാഷ്ട്രങ്ങളിലും തൊഴിലാളികൾ മുദ്രാവാക്യമുയർത്തി.


ക്യൂബയിലെ ഹവാനയിൽ ലക്ഷങ്ങൾ പങ്കെടുത്ത പ്രകടനം 2022നുശേഷം രാജ്യത്ത്‌ നടന്ന ഏറ്റവും വലിയ പൊതുപരിപാടിയായി. മുൻ പ്രസിഡന്റ്‌ റൗൾ കാസ്‌ട്രോ, നിലവിലെ പ്രസിഡന്റ്‌ മിഗ്വെൽ ദിയാസ്‌ കനേൽ തുടങ്ങിയവർ തൊഴിലാളികളെ അഭിവാദ്യം ചെയ്തു.


ശ്രീലങ്കയിലെ കൊളംബോയിലും നിരത്തുകളെ ചുവപ്പിച്ച്‌ ലക്ഷങ്ങൾ മെയ്‌ദിന റാലിയിൽ അണിനിരന്നു. പ്രസിഡന്റ്‌ അനുര കുമര ദിസനായകെ ഉൾപ്പെടെയുള്ളവർ പരിപാടിയെ അഭിസംബോധന ചെയ്തു. സിഐടിയു അഖിലേന്ത്യ സെക്രട്ടറി എ ആര്‍ സിന്ധുവും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പങ്കെടുത്തു.


തയ്‌വാനിൽ പ്രസിഡന്റ്‌ ലായ്‌ ചിങ്‌തെയും ഫിലിപ്പീൻസിൽ തൊഴിലാളി നേതാവ്‌ മോങ്‌ പലാറ്റിനോയും ട്രംപിന്റെ നയങ്ങൾക്കെതിരെ മെയ്‌ ദിന പരിപാടികളിൽ മുന്നറിയിപ്പ്‌ നൽകി. ജപ്പാനിലെ ടോക്യോയിലും മെയ്‌ ദിന റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.


ബ്രിട്ടൻ, ഫിലിപ്പീൻസ്‌, ഇൻഡോനേഷ്യ, എന്നിവിടങ്ങളിലും മെയ് ദിന റാലികളില്‍ വന്‍ജനപങ്കാളിത്തമുണ്ടായി.


may day rally srilanka


തുർക്കിയയിൽ നൂറുകണക്കിനുപേർ
 അറസ്‌റ്റിൽ

തുർക്കിയയിൽ മെയ്‌ ദിന റാലിയിൽ പങ്കെടുത്ത പതിനായിരങ്ങളെ വേട്ടയാടി പൊലീസ്‌. നൂറുകണക്കിനുപേർ അറസ്‌റ്റിലായി. മെയ്‌ ദിന പരിപാടികളുടെ പ്രധാന വേദിയായ തക്സിം ചത്വരത്തിൽ ജനങ്ങൾ എത്തുന്നത്‌ തടയാനായി സർക്കാർ പൊതുഗതാഗതമടക്കം നിർത്തിവച്ചിരുന്നു.


നിയന്ത്രണങ്ങൾ മറികടന്ന്‌ എത്തിയവരാണ്‌ പൊലീസിന്റെ അതിക്രൂര വേട്ടയാടലിന്‌ ഇടയായത്‌. ജനങ്ങളെ പൊലീസ്‌ മർദിക്കുന്നതിന്റെയും തെരുവിൽ വലിച്ചിഴയ്ക്കുന്നതിന്റെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.പ്രസിഡന്റ്‌ റജെബ്‌ തയ്യിപ്‌ എർദോഗന്റെ മുഖ്യ എതിരാളിയായ മേയർ എക്രെം ഇമാമോഗ്ലുവിനെ അറസ്‌റ്റ്‌ ചെയ്തതിനെ തുടർന്ന്‌ മാർച്ചിൽ തുർക്കിയയിൽ വൻ സർക്കാർ വിരുദ്ധ പ്രതിഷേധം അരങ്ങേറിയിരുന്നു.


എല്ലാ വർഷവും മെയ്‌ ദിന പരിപാടികൾ വിലക്കുമെങ്കിലും ഇത്തവണ തൊഴിലാളി ദിന പരിപാടികൾ സർക്കാർ വിരുദ്ധ നീക്കമാകുമെന്ന ആശങ്കയിൽ കടുത്ത നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിരുന്നത്‌. തക്സിം ചത്വരത്തിലേക്ക്‌ പ്രവേശിക്കാൻ മുൻകൂർ അനുമതി വാങ്ങണമെന്നടക്കമുള്ള നിബന്ധനകളും വച്ചു.


ചത്വരത്തിലേക്കുള്ള നിരത്തുകൾ ദിവസങ്ങൾക്കുമുമ്പേ അടയ്ക്കുകയും ചെയ്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home