ad
Deshabhimani

ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച: നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ കൊള്ളയടിച്ചു

lovure museum

PHOTO CREDIT: X

വെബ് ഡെസ്ക്

Published on Oct 19, 2025, 04:43 PM | 1 min read

പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച. നെപ്പോളിയൻ കാലഘട്ടത്തിലെ അമൂല്യ ആഭരണങ്ങൾ കൊള്ളയടിച്ചു. ഒമ്പത് അമൂല്യ വസ്തുക്കളാണ് കടത്തിയത്. അന്വേഷണത്തിന്റെ ഭാ​ഗമായി മ്യൂസിയം അടച്ചു. ലോകത്തിൽ ഏറ്റവും കൂടിതൽപേർ സന്ദർശിക്കുന്ന മ്യൂസിയമാണ് ലൂവ്ര്.


നിരവധി ശിൽപങ്ങൾ, പെയിന്റിംഗുകൾ, പുരാവസ്തുക്കൾ ഉൾപ്പെടെ 33,000ത്തിലധികം കലാസൃഷ്ടികൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രമാണ് ലൂവ്ര്. ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളിൽ ഒന്നായ ലിയോനാർഡോ ഡാവിഞ്ചിയുടെ മോണലിസയും ലൂവ്ര് മ്യൂസിയത്തിലുണ്ട്. പ്രതിദിനം 30,000 പേർ വരെ മ്യൂസിയം സന്ദർശിക്കുന്നുണ്ട്.


ഫ്രഞ്ച് സാംസ്കാരിക മന്ത്രി രചിദ ദതിയാണ് കവർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത്. ആർക്കും സംഭവത്തിൽ പരിക്കേറ്റിട്ടില്ല. അസാധാരണമായ കാരണങ്ങളാൽ മ്യൂസിയം അടച്ചിടുന്നതായി അധികൃതരും അറിയിച്ചു. പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു. നിലവിൽ നാശനഷ്ടങ്ങൾ വിലയിരുത്തുകയാണ്.


സ്‌കൂട്ടറിൽ എത്തിയ കൊള്ളക്കാർ ഗുഡ്‌സ് ലിഫ്റ്റ് ഉപയോഗിച്ച് ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലെത്തുകയായിരുന്നു. മ്യൂസിയത്തിൽ നിന്ന് ആഭരണങ്ങളുമായി അവർ രക്ഷപ്പെട്ടതായും മോഷ്ടിച്ച വസ്തുക്കളുടെ മൂല്യം അധികൃതർ വിലയിരുത്തുന്നതായും വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.


വർഷങ്ങളായി മോണലിസയുടേതുൾപ്പെടെ നിരവധി മോഷണങ്ങൾക്കും കവർച്ച ശ്രമങ്ങൾക്കും മ്യൂസിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1911-ൽ, മ്യൂസിയത്തിൽ നിന്ന് ലിയോനാർഡോ ഡാവിഞ്ചിയുടെ ഛായാചിത്രം തൊഴിലാളിയായ വിൻസെൻസോ പെറുഗ്ഗി കോട്ടിനുള്ളിൽ ഒളിപ്പിച്ച് കടത്തി. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ലൂവ്രിലെ അവസാനത്തെ വൻ കവർച്ച 1983 ലായിരുന്നു. അന്ന് നവോത്ഥാന കാലഘട്ടത്തിലെ രണ്ട് കവചങ്ങൾ മ്യൂസിയത്തിൽ നിന്ന് മോഷ്ണം പോയി. മോഷ്ടിച്ച വസ്തുക്കൾ 2021 ൽ കണ്ടെടുത്തു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home