'ക്ഷമ നശിച്ചു, ഇനി ഞങ്ങൾ ഏതറ്റം വരെയും പോകും'; അമേരിക്കയ്ക്ക് ഇറാന്റെ താക്കീത്

പ്രതീകാത്മക ചിത്രം
തെഹ്റാൻ: ഗൾഫ് മേഖലയിൽ അമേരിക്ക നടത്തുന്ന നാവിക ഉപരോധത്തിനും സാമ്രാജ്യത്വ കടന്നുകയറ്റത്തിനുമെതിരെ ശക്തമായ താക്കീതുമായി ഇറാൻ. സമാധാനത്തിന്റെ എല്ലാ വാതിലുകളും അടയ്ക്കുന്ന നിലപാടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റേതെന്നും ഇറാന്റെ ക്ഷമ നശിച്ചിരിക്കുകയാണെന്നും പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.
മേഖലയിലെ പിരിമുറുക്കം വർധിപ്പിക്കുന്ന തരത്തിൽ അമേരിക്ക തുടരുന്ന പ്രകോപനങ്ങൾ വലിയ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ സാമ്പത്തിക ഭദ്രത തകർക്കാൻ ലക്ഷ്യമിട്ട് വാഷിംഗ്ടൺ ഏർപ്പെടുത്തിയ നാവിക ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പെസെഷ്കിയാൻ ചൂണ്ടിക്കാട്ടി.
ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ തുടരുന്ന നാവിക ഉപരോധം യുദ്ധമെന്നാണ് അദേഹം പറഞ്ഞത്.
ഒരു പരമാധികാര രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം അംഗീകരിക്കാനാവില്ല. സമാധാനം ആഗ്രഹിക്കുന്നത് കൊണ്ടുമാത്രമാണ് ഇതുവരെ രാജ്യം സംയമനം പാലിച്ചത്. എന്നാൽ ഈ മനോഭാവത്തെ ദുർബലതയായി കാണരുതെന്നും, തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇറാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









0 comments