വിട, യോസ

ലിമ : നൊബേൽ പുരസ്കാരജേതാവും ‘ലാറ്റിനമേരിക്കൻ ബൂം’ സാഹിത്യ പ്രസ്ഥാനത്തിലെഅവസാന കണ്ണിയുമായ വിഖ്യാത സാഹിത്യകാരൻ മരിയോ വർഗാസ് യോസയ്ക്ക്(89) യാത്രാമൊഴി. എൺപത്തൊമ്പതുകാരനായ അദ്ദേഹം പെറു തലസ്ഥാനമായ ലിമയിലെ വീട്ടിൽ ഞായറാഴ്‌ച രാത്രിയാണ് വിടവാങ്ങിയത്. ഇതിഹാസ കഥാകാരനോടുള്ള ആദരസൂചകമായി പെറുവിൽ സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
സാഹിത്യത്തിനും വിമർശനാത്മക ചിന്തയ്ക്കുമായി സമർപ്പിച്ച സുദീർഘ ജീവിതമാണ് സ്പാനിഷ്-–-അമേരിക്കൻ സാഹിത്യത്തിൽ സമൃദ്ധമായ പാരമ്പര്യം അവശേഷിപ്പിച്ച് വിടപറഞ്ഞത്. തന്റെ കാലത്തെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായി ലോകസാഹിത്യത്തിൽ സ്ഥാനമുറപ്പിച്ച യോസയുടെ അമ്പതോളം കൃതികളിൽ മിക്കതും ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. 2010-ൽ സാഹിത്യ നൊബേൽ സമ്മാനിക്കുമ്പോൾ "ദിവ്യശേഷിയുള്ള കഥാകാരൻ’ എന്നാണ് യോസയെ വിധികർത്താക്കൾ വിശേഷിപ്പിച്ചത്.
1936-ൽ തെക്കൻ പെറുവിലെ അരെക്വിപയിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച വർഗാസ് യോസ മാതാപിതാക്കൾ വേർപിരിഞ്ഞതിനെത്തുടർന്ന് മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ബൊളീവിയയിലെ കൊചബാംബയിലേക്ക് താമസം മാറി. പത്താംവയസ്സിൽ പെറുവിലേക്ക് മടങ്ങിയെത്തി. പതിനാറാം വയസ്സിൽ ആദ്യ നാടകമായ ‘ദി എസ്കേപ്പ് ഓഫ് ദി ഇങ്ക’ എഴുതി. ലിമ സർവകലാശാലയിൽനിന്ന് ബിരുദം നേടിയ യോസ സ്‌പെയിനിൽ ഉപരിപഠനത്തിനുശേഷം പാരീസിലേക്ക് ചേക്കേറി. 1962ൽ പ്രസിദ്ധീകരിച്ച ആദ്യ നോവൽ ‘ദി ടൈം ഓഫ് ദി ഹീറോ' പെറുവിയൻ സൈനിക സ്കൂളിലെ അഴിമതിയെയും ദുർനടപടികളെയും കുറിച്ചുള്ള കുറ്റപത്രമായിരുന്നു. രണ്ടാമത്തെ പരീക്ഷണാത്മക നോവലായ ദി ഗ്രീൻ ഹൗസ് (1966) പെറുവിയൻ മരുഭൂമിയും കാടും പശ്ചാത്തലമാക്കി ഒരു വേശ്യാലയത്തെ ചുറ്റിപ്പറ്റിയുള്ള അവിശുദ്ധസഖ്യത്തെ തുറന്നുകാട്ടി. 1960കളിലും 1970കളിലും ‘ലാറ്റിനമേരിക്കൻ ബൂം’ സാഹിത്യ പ്രസ്ഥാനത്തിൽ ഈ രണ്ട് നോവലുകളും ഏറെ പ്രാധാന്യം നേടി.
തുടക്കത്തിൽ ഇടതുപക്ഷത്തോട് അനുഭാവം പുലർത്തിയിരുന്ന യോസ പിന്നീട് യാഥാസ്ഥിതികനായി മാറി. 1990-ൽ മധ്യ-വലതുപക്ഷ ഫ്രന്റെ ഡെമോക്രാറ്റിക്കോ സഖ്യത്തിന്റെ സ്ഥാനാർഥിയായി പെറുവിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. പെറു, സ്‌പെയിൻ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ മൂന്നു രാജ്യങ്ങളുടെ പൗരത്വമുണ്ടായിരുന്നു.
മാർകേസും യോസയും തമ്മിൽ
മാജിക്കൽ റിയലിസത്തിന്റെ പ്രയോക്താവായ ഗബ്രിയേൽ ഗാർസിയ മാർകേസുമായി ഇണങ്ങിയും പിണങ്ങിയും തുടർന്നതാണ് വർഗാസ് യോസയുടെ ബന്ധം. 1976ൽ ഒരു ചടങ്ങിനിടെ മാർകേസിന്റെ മുഖത്ത് യോസ ഇടിച്ചത് വലിയ വാർത്തയായി.
യോസയുടെ ഭാര്യയായിരുന്ന പട്രീഷ്യയുമായി മാർകേസിന്റെ സൗഹൃദത്തെപ്പറ്റിയുള്ള തർക്കമാണ് ഇടിയിൽ കലാശിച്ചതെന്നാണ് അക്കാലത്ത് പ്രചരിച്ച ഒരു വാർത്ത. എന്നാൽ, ക്യൂബയെയും ഫിദൽ കാസ്‌ട്രോയെയും കുറിച്ചുള്ള ആശയപരമായ തർക്കമാണ് വഴിക്കിലെത്തിയതെന്ന് 2017ൽ മാഡ്രിഡ് സർവകലാശാലാ വിദ്യാർഥികളോട് യോസ വെളിപ്പെടുത്തി. ഏതായാലും ഈ സംഭവത്തിനുശേഷം പതിറ്റാണ്ടുകളോളം മിണ്ടാതായ ഇരുവരും 2007ൽ രമ്യതയിലെത്തി മൂന്നുവർഷത്തിനുശേഷം യോസക്ക് നൊബേൽ പുരസ്കാരം ലഭിച്ചു. 1982ൽ മാർകേസിനുശേഷം സാഹിത്യനൊബേൽ നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ എഴുത്തുകാരനായി യോസ. മാർകേസിന്റെ "ഏകാന്തതയുടെ നൂറുവർഷങ്ങളെ'ക്കുറിച്ച് യോസ ഗവേഷണ പ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്.










0 comments