ad
Deshabhimani

യുഎസ്‌ എയ്‌ഡ്‌ ; മേൽനോട്ടച്ചുമതല ഒഴിഞ്ഞ്‌ മാർക്കോ റൂബിയോ

marco rubio
വെബ് ഡെസ്ക്

Published on Aug 31, 2025, 03:53 AM | 1 min read


ന്യൂയോർക്ക്‌

വിവിധ രാജ്യങ്ങൾക്ക്‌ അന്താരാഷ്‌ട്ര സഹായം നൽകുന്ന യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ്‌ (യു‌എസ്‌എ‌ഐ‌ഡി) അടച്ചൂപൂട്ടലിന്റെ വക്കിൽ. മേൽനോട്ടച്ചുമതല യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ ബജറ്റ് ഡയറക്ടർ റസ് വോട്ടിന് കൈമാറി. ഏറെക്കാലം മുൻപുതന്നെ പാളംതെറ്റിയ ഏജൻസിയുടെ അടച്ചുപൂട്ടലിനാണ്‌ റസ് വോട്ട്‌ നേതൃത്വം നൽകുകയെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.


ട്രംപ്‌ അധികാരത്തിലേറിയതോടെയാണ്‌ യുഎസ്‌ എയ്‌ഡിനെ അധികച്ചെലവ്‌ എന്നുപറഞ്ഞ്‌ ദുർബലമാക്കാൻ നീക്കം തുടങ്ങിയത്‌. ഈവർഷം ആദ്യമാണ് ട്രംപ് റൂബിയോയെ ഏജൻസിയുടെ ആക്ടിങ്‌ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. മാർച്ചോടെ 83 ശതമാനം പദ്ധതികളും വെട്ടിക്കുറച്ചു. നിരവധി ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്‌കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ പ്രധാന ലക്ഷ്യവും യുഎസ്‌ എയ്‌ഡിനെ ദുർബലമാക്കലായിരുന്നു.


ഏജൻസി പൂർണമായും പിരിച്ചുവിടാൻ യു എസ് കോൺഗ്രസിന്റെ അംഗീകാരം വേണമെന്നിരിക്കെ അതിനെ നിർജീവമാക്കുക എന്ന തന്ത്രമാണ് ട്രംപ് പ്രയോഗിക്കുന്നതെന്നാണ്‌ റിപ്പോർട്ട്‌. സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ഫണ്ട് വെട്ടിച്ചുരുക്കാൻ നിർദേശിച്ചാൽ, 45 ദിവസത്തിനുള്ളിൽ കോൺഗ്രസിന് അതിൽ നടപടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് പാഴാകും. സെപ്തംബർ 30ന് സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ, ട്രംപിന്റെ ഈ നീക്കം കോൺഗ്രസിനെ മറികടക്കാനുള്ള ശ്രമമാണെന്നാണ്‌ വിലയിരുത്തൽ. ട്രംപിന്റെ നടപടിക്കെതിരെ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർടികളിൽനിന്നു വിമർശനം ഉയരുന്നുണ്ട്‌.


2023ൽ യുഎസ്‌ എയ്‌ഡ്‌ 160 രാജ്യങ്ങൾക്കും വിവിധ സംഘടനകൾക്കുമായി ഏകദേശം 4400 കോടി ഡോളർ സഹായം വിതരണം ചെയ്തിരുന്നു. ആഭ്യന്തര സംഘർഷങ്ങളും ഭക്ഷ്യക്ഷാമവും രൂക്ഷമായ രാജ്യങ്ങൾക്കാണ്‌ കൂടുതൽ സഹായവും ലഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home