മിനാബ് കൂട്ടക്കൊല ആസൂത്രിതം
മിസൈൽ തൊടുത്തത് സ്കൂളെന്നറിഞ്ഞ്: യുഎസ് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തൽ

വാഷിങ്ടൺ: ലോകമനസാക്ഷിയെ നടുക്കിയ ഇറാനിലെ മിനാബ് പെൺപള്ളിക്കൂടത്തിന് നേരെയുള്ള മിസൈൽ ആക്രമണം അതീവ ആസൂത്രിതമെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ സൈന്യത്തിലെ മുൻ ഇന്റലിജൻസ് ഓഫീസറും കൗണ്ടർ ടെററിസം ഉദ്യോഗസ്ഥയുമായ ജോസഫൈൻ ഗ്വിൽബ്യൂ ആണ് യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ക്രൂരതകൾ അക്കമിട്ട് നിരത്തിയത്. 165 പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഈ ആക്രമണം അബദ്ധമല്ലെന്നും വിദ്യാലയമാണെന്ന് ഉറപ്പിച്ചുകൊണ്ട് നടത്തിയ ബോംബാക്രമണമാണെന്നും അവർ വെളിപ്പെടുത്തി.
യുദ്ധമേഖലയിൽ നിലയുറപ്പിച്ച അമേരിക്കൻ കപ്പലുകളിൽ നിന്നാണ് മാരകമായ ടോമഹോക്ക് മിസൈലുകൾ മിനാബിലെ സ്കൂളിന് നേരെ തൊടുത്തത്. നൂതനമായ ലൈവ് ക്യാമറകൾ ഘടിപ്പിച്ച ഈ മിസൈലുകൾ വഴി ലക്ഷ്യസ്ഥാനം സ്കൂളാണെന്ന് അമേരിക്കൻ സൈന്യം തത്സമയം കണ്ടിരുന്നു. ചുവർചിത്രങ്ങളും നിറങ്ങളും കൊണ്ട് അലംകൃതമായ സ്കൂൾ പരിസരത്ത് കുട്ടികൾ കളിച്ചുനടക്കുന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളിലും മിസൈലിലെ ക്യാമറകളിലും വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങൾ കൺമുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് അമേരിക്കൻ കമാൻഡർമാർ ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഗ്വിൽബ്യൂ പറഞ്ഞു.
രാവിലെ 10ന് അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേൽ ഇറാന് നേരെ ആക്രമണം ആരംഭിച്ചു. 10:20ന് മിനാബ് സ്കൂൾ അധികൃതർ കുട്ടികളെ ഒഴിപ്പിക്കാൻ തുടങ്ങി. സ്കൂൾ കെട്ടിടത്തിന് നേരെ മിസൈൽ പതിച്ചതായിരുന്നു ആദ്യ പ്രഹരം. കുട്ടികൾ ഭയന്നോടി പ്രാർഥനാ മുറിയിൽ അഭയം തേടി. കുട്ടികൾ അഭയം പ്രാപിച്ച പ്രാർത്ഥനാ മുറി ലക്ഷ്യമിട്ട് രണ്ടാമത്തെ മിസൈൽ തൊടുത്തു. നിമിഷങ്ങൾക്കകം 163 പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു. അവശേഷിച്ചവരെ കൂടി ലക്ഷ്യമിട്ട് സ്കൂൾ പരിസരത്ത് മൂന്നാമതും ആക്രമണം. ആകെ 165 പെൺകുട്ടികളാണ് ഈ നരനായാട്ടിൽ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ സ്വന്തം ഭീകരവാദ വിരുദ്ധ നിയമങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഗ്വിൽബ്യൂ രാജ്യത്തിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചത്. "ഭയത്തിലൂടെയും ബലപ്രയോഗത്തിലൂടെയും രാഷ്ട്രീയ-മത ലക്ഷ്യങ്ങൾ നേടാൻ സാധാരണക്കാർക്ക് നേരെ നടത്തുന്ന അക്രമമാണ് ഭീകരവാദം. ആ നിർവചനം അനുസരിച്ച് നമ്മളാണ് (അമേരിക്ക) ലോകത്തെ ഏറ്റവും വലിയ ഭീകരർ. നമ്മളാണ് ഈ കഥയിലെ വില്ലന്മാർ," അവർ തുറന്നടിച്ചു.
യുഎസ്എസ് സ്പ്രൂവൻസ് എന്ന കപ്പലിൽ നിന്നാണ് ഈ മിസൈലുകൾ തൊടുത്തത്. കമാൻഡർമാരായ ലീ ആർ ടേറ്റ്, ജെഫ്രി ഇ യോർക്ക് എന്നിവർക്ക് ഇതിൽ നേരിട്ട് പങ്കുണ്ടെന്നും ഈ ക്രൂരതയ്ക്ക് ശേഷം വീണ്ടും വെടിക്കോപ്പുകൾ നിറച്ച് ഇവർ ആക്രമണം തുടരുകയാണെന്നും അവർ പറഞ്ഞു. ഈ യുദ്ധക്കുറ്റത്തിൽ പങ്കാളികളാകാതെ കപ്പലുകൾ ഉടൻ പിൻവലിക്കാൻ യുഎസ്എസ് ട്രിപ്പോളി കമാൻഡർ പാട്രിക് ജെ സള്ളിവനോട് ജോസഫൈൻ ആഹ്വാനം ചെയ്തു. എന്നാൽ അമേരിക്ക ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറായിട്ടില്ല.










0 comments