print edition യുഎസ് മുതലാളിത്തത്തെ കടന്നാക്രമിച്ച് മംദാനി

ന്യൂയോർക്ക്: അമേരിക്കയുടെ 250–ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ന്യൂയോർക്ക് മേയറും സോഷ്യലിസ്‌റ്റ് നേതാവുമായ സൊഹ്‌റാൻ മംദാനി മുതലാളിത്തത്തെയും യുഎസിന്റെ യുദ്ധക്കൊതിയെയും കടന്നാക്രമിച്ചു. രാജ്യത്ത് കടന്നുകയറിയ കമ്യൂണിസ്‌റ്റുകളെ തുടച്ചുനീക്കുമെന്ന ട്രംപിന്റെ പ്രസ്‌താവനയുടെ പശ്ചാത്തലത്തിലാണ് മംദാനിയുടെ രൂക്ഷവിമർശം. "ലോകചരിത്രത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത് കുറച്ച് കുട്ടികൾ വിശപ്പോടെ ഉറങ്ങാൻ പോകുമ്പോൾ, ലോകത്തിലെ ആദ്യ ട്രില്യണയർ കൂടുതൽ സമ്പത്തിനായി വിശക്കുന്നു, എല്ലാ വ്യവസായങ്ങളിലും ആധിപത്യം പുലർത്തുന്ന കുത്തകകളെയും തിരഞ്ഞെടുപ്പുകൾ വിലയ്ക്കെടുക്കുന്ന പ്രഭുക്കന്മാരെയും ഇവിടെ കാണാം.'യുഎസ് മുതലാളിത്ത നയത്തെ വിമർശിച്ചുകൊണ്ട് മംദാനി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങൾ പൂർണമായി സാക്ഷാത്കരിക്കാൻ യുഎസിന് ഇപ്പോഴുമായിട്ടില്ലെന്ന് പറഞ്ഞ മംദാനി കുടിയേറ്റക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുരിതം ഉയർത്തിക്കാട്ടി. "നമ്മുടെ ഈ വലിയ സമ്പത്ത് കെട്ടിപ്പടുത്തത് കഠിനാധ്വാനം കൊണ്ട് കൈകളിൽ തഴമ്പുവീണ മനുഷ്യരാണ്. എന്നാൽ ആ സമ്പത്തിന്റെ വലിയൊരു പങ്ക്, വളരെ കുറച്ചുപേരുടെ മൃദുവായ കൈകളിൽ ഒതുങ്ങാൻ ഈ രാജ്യം അനുവദിച്ചു’ അമേരിക്കന്‍ സമൂഹത്തിലെ ആഴത്തിലുള്ള വിടവുകളെ മംദാനി തുറന്നുകാട്ടി.
"നമ്മുടെ നികുതിപ്പണം ബോംബുകൾക്കും കമ്പനികളെ രക്ഷപ്പെടുത്താനും ചെലവാക്കുമ്പോൾ, ഏറ്റവും കൂടുതൽ പണം നൽകുന്നയാൾക്ക് നാം നമ്മുടെ തിരഞ്ഞെടുപ്പുകൾ വിൽക്കുമ്പോൾ ഞാൻ അമേരിക്കയെ കാണുന്നു," അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് വ്യവസായത്തെയും യുഎസിന്റെ വിദേശ ഇടപെടലുകളെയും മംദാനി വിമർശിച്ചു. മംദാനിയുടെ രൂക്ഷ വിമർശം ട്രംപടക്കമുള്ള തീവ്രവലതുപക്ഷക്കാർക്ക് വലിയ അസ്വസ്‌തത ഉണ്ടാക്കി.









0 comments