Deshabhimani

print edition വീര നായകനായി ഇന്ത്യൻ പൈലറ്റ്

Piolot

സൗദി അറേബ്യയിലെ തബൂക്കിൽ ഇടിച്ചിറക്കിയ ഫ്ലെെ ദുബായ് വിമാനം

വെബ് ഡെസ്ക്

Published on Oct 01, 2026, 12:35 AM | 2 min read

ദുബായ് : ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ പൗരനായ സഹ-പൈലറ്റിനെ വിമാനത്തിലെ ഇന്ത്യൻ ക്യാപ്റ്റൻ ചെറുത്തുതോൽപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാന സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ച സഹ-പൈലറ്റുമായി ഏറ്റുമുട്ടിയ ക്യാപ്റ്റൻ സ്‌മിത് മച്ചാർ ആണ് വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരുടെ ജീവൻ അതിസാഹസികമായി രക്ഷിച്ചത്.


ഏറ്റുമുട്ടലിനിടെ കുത്തേറ്റ അദ്ദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. മുഖത്തും കൈകളിലും രക്തം പുരണ്ട നിലയിൽ അദ്ദേഹം തറയിൽ കിടക്കുന്നതിന്റയും യാത്രക്കാർ അദ്ദേഹത്തെ വീരനായകനായി പ്രശംസിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. "നിങ്ങൾ വിമാനം രക്ഷിച്ചു, നിങ്ങൾ ചെയ്‌തത്‌ ധീരകൃത്യമാണ്’ എന്ന് സംസാരിക്കാൻ പോലും പ്രയാസപ്പെടുന്ന പൈലറ്റിനോട് യാത്രക്കാർ പറയുന്നത് കേൾക്കാം.


ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സ്‌മിത് മച്ചാർ യുഎഇ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈ ദുബായിൽ നാല് വർഷമായി ജോലി ചെയ്‌തുവരികയാണ്. മുമ്പ് 10 വർഷം അദ്ദേഹം സ്‌പൈസ്‌ ജെറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. പൈലറ്റുമാരിൽ ഒരാൾ മറ്റൊരാളെ കുത്തുകയും, വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.


വിമാനം നിയന്ത്രണം വിട്ട് കറങ്ങാനും താഴേക്ക് പതിക്കാൻ തുടങ്ങി. തുടർന്ന് ഒരു യാത്രക്കാരനും ഒരു ജീവനക്കാരനും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറുകയും, വിമാനത്തിലെ സംവിധാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ച ആക്രമണകാരിയായ പൈലറ്റിനെ കീഴടക്കുകയുമായിരുന്നു. ഇതിന് ശേഷം മറ്റൊരു ജീവനക്കാരൻ കോക്ക്പിറ്റിൽ പ്രവേശിക്കുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് നെതന്യാഹു പറഞ്ഞു.


കുത്തേറ്റ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പൈലറ്റിനെ അറസ്റ്റ് ചെയ്തതായും സൗദി അധികൃതർ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും നെതന്യാഹു പറഞ്ഞു. പൈലറ്റുമാരുടെ പേരുവിവരങ്ങളോ പൗരത്വമോ എയർലൈൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിമാനത്തിലുണ്ടായ സംഭവം "ജിഹാദി ഭീകരാക്രമണ ശ്രമമായിരുന്നു" എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചു.


അതിസാഹസികം അതിജീവനം


ദുബായിൽനിന്ന്‌ ടെൽ അവീവിലേക്ക് പറന്ന വിമാനത്തിലെ യാത്രക്കാരുടെ ദൃക്‌സാക്ഷി വിവരണങ്ങളിൽ പുറത്തുവന്നത് ഭീതിജനകവും അവിശ്വസനീയവുമായ വിവരങ്ങൾ. വിമാനം തട്ടിക്കൊണ്ടുപോയെന്ന സന്ദേശമാണ് ആദ്യം പുറത്തുവന്നതെങ്കിലും യാത്രികരല്ല, മറിച്ച് വിമാനത്തിലെ പൈലറ്റുമാരിൽ ഒരാളാണ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ചതെന്ന് യാത്രക്കാരുടെ വീഡിയോ സന്ദേശങ്ങളിൽ നിന്നാണ് ഇസ്രയേലി മാധ്യമങ്ങൾ സ്ഥിരീകരിച്ചത്.


മിനിറ്റുകൾക്കുള്ളിൽ വിമാനം 17,000 അടി കുത്തനെ താഴേക്ക് പതിച്ചത് 27കുട്ടികൾ അടക്കമുള്ള യാത്രികരെ പരിഭ്രാന്തരാക്കി. എങ്കിലും പലരും അക്രമിയെ കീഴ്പ്പെടുത്താൻ വിമാന ജീവനക്കാർക്ക് ഒപ്പം നിന്നു. പൈലറ്റും സഹ -പൈലറ്റും വഴക്കുണ്ടാക്കിയെന്നും അതിലൊരാൾക്ക് കുത്തേറ്റെന്നും യാത്രക്കാർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പൈലറ്റുമാരിൽ ഒരാളെ തടഞ്ഞുവയ്‌ക്കാനും കെട്ടിയിടാനും സഹായിക്കാൻ ചില യാത്രക്കാർ കോക്ക്പിറ്റിലേക്ക് ഇരച്ചുകയറിയതായി യാത്രക്കാരൻ പറഞ്ഞു.


യാത്രികർ ചോരയിൽ കുളിച്ചുനിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. "കത്തിയുമായെത്തിയ ഒരാൾ’ പൈലറ്റുമാരിൽ ഒരാളെ കുത്തിയെന്ന് ദൃക്‌സാക്ഷി പറയുന്ന വീഡിയോ ഇസ്രായേലി മാധ്യമങ്ങൾ പുറത്തുവിട്ടു. "പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരു പൈലറ്റിനും പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നു. അദ്ദേഹത്തിനൊപ്പം രണ്ട് ജീവനക്കാരുണ്ട്, ഞങ്ങൾ വാതിൽ അടച്ചുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. എല്ലാം ഇപ്പോൾ ഒക്കെയാണ്." വീഡിയോയിൽ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home