print edition ലുവ്‌റെ കവർച്ച : ഇരുട്ടിൽത്തപ്പി പൊലീസ്

പാരീസ്
ലോകത്തിലെ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ലുവ്‌റെ മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന വാരാന്ത്യകൊള്ളയിൽ ഇരുട്ടിൽത്തപ്പി അന്വേഷകസംഘം. സംഭവം നടന്ന് മൂന്നാംദിവസവും മോഷ്‌ടാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം പുറത്തുവിടാൻ അധികൃതർക്ക് കഴിഞ്ഞില്ല.
മ്യൂസിയത്തിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും കള്ളന്മാർ നെപ്പോളിയന്റെ കാലത്തെ ആഭരണങ്ങളുമായി അനായാസം ഓടിപ്പോയതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ലൂവ്‌റെയിൽ സുരക്ഷാ ഉപകരണം ശരിയായി പ്രവർത്തിച്ചുവെന്ന് സാംസ്കാരികമന്ത്രി റാച്ചിദ ദാതി ദേശീയ അസംബ്ലിയിൽ പറഞ്ഞു. പൊലീസ് അന്വേഷണത്തിന് പുറമേ അഡ്മിനിസ്ട്രേറ്റീവ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കവർച്ച എങ്ങനെ നടത്താൻ കഴിഞ്ഞു എന്നതിനെക്കുറിച്ച് ഒരു വിവരവും നൽകാനായിട്ടില്ല.
അപ്പോളോ ഗാലറിയുടെ ജനൽ ബലംപ്രയോഗിച്ച് തുറക്കുമ്പോൾ മ്യൂസിയത്തിന്റെ അലാം മുഴങ്ങിയതായി ആഭ്യന്തരമന്ത്രി ലോറന്റ് ന്യൂസ് പറഞ്ഞു. ദൃശ്യം കണ്ട ഒരാൾ വിളിച്ചതിന് രണ്ടോ മൂന്നോ മിനിറ്റിനുശേഷം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പക്ഷേ കവർച്ച ഇതിനകം അവസാനിച്ചിരുന്നു. ലൂവ്രെയ്ക്കുള്ളിൽ നാല് മിനിറ്റിൽ താഴെ മാത്രമാണ് മോഷ്ടാക്കൾ ചെലവിട്ടത്. മൊത്തം കവർച്ച എട്ട് മിനിറ്റിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ. ലൂവ്രെയ്ക്ക് ചുറ്റും ക്യാമറകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാലു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിൻ ചക്രവർത്തിനിയുടെ ആഭരണങ്ങൾ ഉൾപ്പെടെ 19-ാം നൂറ്റാണ്ടിലെ രാജകുടുംബത്തിന്റെ രത്നകിരീടം, മാലകൾ, കമ്മലുകൾ എന്നിവയുൾപ്പെടെ എട്ടു അമൂല്യവസ്തുക്കളാണ് നഷ്ടമായത്.










0 comments