ട്രംപിന്റെ നാടുകടത്തൽ നിയമത്തിനെതിരെ കലാപം പടരുന്നു, ലൊസ് ആഞ്ചലസിൽ കർഫ്യൂ

ലൊസ് ആഞ്ചലസ്: നാടുകടത്തൽ റെയ്ഡിനെതിരായ കലാപം അടിച്ചമർത്താൻ ലൊസ് ആഞ്ചലസിൽ കര്‍ഫ്യു പ്രഖ്യാപിച്ചു. പ്രതിഷേധകർ കൂട്ടമായി രംഗത്ത് ഇറങ്ങിയതോടെ അടുത്ത ഘട്ടം സൈന്യത്തെ ഇറക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. രാത്രി എട്ടുമുതല്‍ രാവിലെ ആറുമണി വരെയാകും കര്‍ഫ്യു. ജോലിസ്ഥലങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും കര്‍ഫ്യു ഉണ്ടാവില്ല. പകരം നഗരത്തിലെ പൊതുഇടങ്ങളിലാണ് കൂട്ടം ചേരുന്നതിന് വിലക്ക്.
പ്രതിഷേധകരെ നേരിടാന്‍ 4000 നാഷണൽ ഗാര്‍ഡുകളെയും യു എസ് സൈന്യത്തിന്റെ ഭാഗമായ മറീനിന്റെ 700 അംഗ സംഘത്തെയും വിന്യസിച്ചിരുന്നു. ക്രമസമാധാന പാലനം സൈന്യത്തിനെ ഏല്‍പ്പിക്കുന്ന ഇന്‍സറക്ഷന്‍ ആക്ട് നടപ്പിലാക്കുമെന്നാണ് ഇതിന് പിന്നാലെ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധത്തെ അടിച്ചമർത്താൻ സൈനിക നടപടി ആരംഭിച്ച നടപടിക്ക് എതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ വിമര്‍ശനം ഉയര്‍ത്തി. ട്രംപ് ഏകാധിപത്യപരമായി പെരുമാറുകയാണെന്ന് കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമസ് പറഞ്ഞു. പ്രസിഡന്റിന്റെ വികലമായ ഭ്രമകല്പനയ്ക്കാണ് രാജ്യം ഇരയാവുന്നത് എന്നും അദ്ദേഹം വിലയിരുത്തി.

കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവിഭാഗം വ്യാഴാഴ്ച മുതല്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇത്തവണ പരിശോധനകൾ. മെക്സികൻ പൌരൻമാരെ പിടികൂടി ജയിലിലടച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ വ്യാപക പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈവർ ഇല്ലാ ടാക്സി വേയ്‌മോയുടെ കാർ പ്രതിഷേധകർ തീയിട്ടു.
ന്യുയോർക്ക്, ഫിലാഡൽഫിയ, ഡാലസ്, ഓസ്റ്റിൻ, സാൻഫ്രാൻസിസ്കോ, എന്നിങ്ങനെ ഒമ്പത് നഗരങ്ങളിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്.

ഗവർണറുടെ അനുമതിയില്ലാതെ ലൊസ്ആഞ്ചലസിലേക്ക് സൈനിക ഗ്രൂപ്പിനെ അയച്ചതിന് ട്രംപിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാലിഫോർണിയ ഗവർണർ ന്യൂസമസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ഫോർട്ട് ബ്രാഗിൽ സൈനികരോട് സംസാരിച്ച ട്രംപ് ഗവർണറെയും മേയറെയും കുറ്റപ്പെടുത്തി. ഇഷ്ടികകളുമായി എറിയാൻ തയ്യാറായി വന്ന "പ്രക്ഷോഭകർക്കും" "വിപ്ലവകാരികൾക്കും" ഇരുവരും പണം നൽകിയതായി ആരോപിച്ചു.










0 comments