print edition ലോസ് ആഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ മുന്നേറി നിത്യ രാമന്

വാഷിങ്ടൺ: ലൊസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പില് മുന്നേറി കേരളത്തില് ജനിച്ച അമേരിക്കന് നഗരാസൂത്രണ വിദഗ്ധ നിത്യ രാമന്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ (റണ് ഓഫ്) നിലവിലെ മേയർ കാരൻ ബാസുമായി അവർ ഏറ്റുമുട്ടുമെന്ന് ഉറപ്പായി.
ജനുവരി രണ്ടി-നാണ് മേയർ സ്ഥാനത്തേക്കുള്ള പ്രൈമറി നടന്നത്. ഇതുവരെ 80 ശതമാനം വോട്ടെണ്ണിയപ്പോള് 44കാരിയായ നിത്യ രാമന് 27.1 ശതമാനം വോട്ടുനേടി. റിയാലിറ്റി ടിവി താരവും റിപ്പബ്ലിക്കന് പാര്ടിക്കാരനുമായ സ്പെൻസർ പ്രാറ്റിനെയാണ് പിന്നിലാക്കിയത്. നിലവിലെ മേയറും മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗവുമായ കാരൻ ബാസു 34.7 ശതമാനം വോട്ടുനേടി നേരത്തെ റണ് ഓഫ് യോഗ്യത നേടി.
കേരളത്തില് തമിഴ് കുടുംബത്തില് ജനിച്ച നിത്യ രാമന് ആറാം വയസ്സിലാണ് അമേരിക്കയിലെ ലൂസിയാനയില് എത്തിയത്. 2020-ൽ ലൊസ് ആഞ്ചലസ് സിറ്റി കൗൺസിലിലേക്ക് മത്സരിച്ച് വിജയിച്ച നിത്യ, ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ്. 2024-ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പാര്ടിയിലെ പുരോഗമന വിഭാഗത്തിന്റെ വക്താവായ നിത്യ രാമന്, ഇടതുപക്ഷ കൂട്ടായ്മയായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്കയിലും അംഗമാണ്. ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ തിയറിയിൽ ബിരുദവും എംഐടിയിൽനിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.









0 comments