കുവൈത്തിലെ വിഷമദ്യ ദുരന്തം; രാജ്യവ്യാപക പരിശോധന, 67 പേർ പിടിയിൽ

കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമാണശാലകൾക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്. അനധികൃത മദ്യ നിർമാണശാലകളെ ലക്ഷ്യം വച്ച് രാജ്യവ്യാപക പരിശോധനയാണ് കുവൈത്തിൽ നടക്കുന്നത്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചതിനെ തുടർന്നാണ് രാജ്യവ്യാപക പരിശോധനയ്‌ക്ക് ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.
സാൽമിയയിൽ നടത്തിയ പരിശോധനയിൽ ഒരു നേപ്പാളി പൗരനെ മെത്തനോൾ കൈവശം വച്ചതിന് പിടികൂടി. ഇയാൾ മെത്തനോൾ നിർമ്മാണവും വിൽപ്പനയും നടത്തി വരുന്നതായി സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ഇന്ത്യൻ പൗരനും മറ്റൊരു നേപ്പാളി പൗരനും കൂടി പിടിയിലായി. സംഘത്തിന്റെ മുഖ്യ സൂത്രധാരനായ ബംഗ്ലാദേശി പൗരനെയും അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഏകോപിത ഓപ്പറേഷനിൽ 67 പേരെയാണ് അറസ്റ്റ് ചെയ്തത്. ആറ് അനധികൃത മദ്യ ഫാക്ടറികൾ കണ്ടെത്തുകയും താമസ മേഖലകളിലും വ്യാവസായിക മേഖലകളിലും പ്രവർത്തിച്ചിരുന്ന നാല് ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. കൂടാതെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട 34 പേരെയും അറസ്റ്റ് ചെയ്തു.
മരണസംഖ്യ ഇനിയും ഉയരും
വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പ്രവാസികളുടെ നില അതീവ ഗുരുതരമാണ്. ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതനുസരിച്ച് വിഷബാധയേറ്റ് ഇതുവരെ 23 പേരാണ് മരിച്ചിരിക്കുന്നത്. 160 ഓളം പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഭൂരിഭാഗം പേരും തീവ്രപരിചരണ വിഭാഗങ്ങളിലാണ്.
വിഷമദ്യം കഴിച്ചതിനെ തുടർന്ന് പലർക്കും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. വൃക്ക തകരാറിനെ തുടർന്ന് പലരെയും അടിയന്തര ഡയാലിസിസിന് വിധേയമാക്കേണ്ടിവന്നു. കൂടുതൽ മലയാളികൾ മരണപ്പെട്ടതായും സൂചനയുണ്ടെങ്കിലും ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമല്ല. മരണപ്പെട്ടവരിൽ ഭൂരിഭാഗവും കൺസ്ട്രക്ഷൻ മേഖലയിലും അനുബന്ധ മേഖലകളിലും ജോലി ചെയ്യുന്ന പ്രവാസികളാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.









0 comments