ad
Deshabhimani

നിയന്ത്രണം നഷ്ടമായി ; റെസിലിയൻസ് ചാന്ദ്രദൗത്യം പരാജയം

japan lunar mission resilience failed
വെബ് ഡെസ്ക്

Published on Jun 06, 2025, 03:27 AM | 1 min read


ടോക്കിയോ

ജപ്പാന്റെ റെസിലിയൻസ് ലൂണാർ ലാൻഡർ ദൗത്യം പരാജയപ്പെട്ടു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ്‌ ചെയ്യുന്നതിന് തൊട്ടുമുമ്പ്‌ ലാൻഡറിന്‌ നിയന്ത്രണം നഷ്ടമായി. വേഗനിയന്ത്രണ സംവിധാനങ്ങൾ പാളിയതാകാമെന്നാണ് നിഗമനം. ചന്ദ്രന്റെ വടക്ക്‌ പടിഞ്ഞാറുള്ള മാരി ഫ്രിഗോരിസ്‌ സമതലത്തിൽ വ്യാഴം പുലർച്ചെ ഒന്നേകാലോടെ സോഫ്റ്റ് ലാൻഡ്‌ ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.


ജനുവരി 15ന്‌ സ്‌പേസ്‌ എക്‌സിന്റെ ഫാൽക്കൻ റോക്കറ്റാണ്‌ റെസിലിയൻസ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്‌. തുടർന്ന്‌ നാലരമാസത്തിലേറെ യാത്ര ചെയ്താണ്‌ ചാന്ദ്രവലയത്തിലെത്തിയത്‌. വ്യാഴാഴ്‌ച ചാന്ദ്ര പ്രതലത്തിന്‌ നൂറു കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലേക്ക്‌ പേടകം എത്തി. രാത്രി 11.55 ഓടെ പ്രധാന എൻജിൻ ജ്വലിപ്പിച്ച്‌ പഥം താഴ്‌ത്തൽ തുടങ്ങി. പൂർണമായി സ്വയം നിയന്ത്രിത സംവിധാനത്തിലാണ്‌ തുടർന്ന്‌ പേടകം പ്രവർത്തിച്ചത്‌. ആറ് ഘട്ടങ്ങളിലായി വേഗം കുറച്ച്‌ പേടകത്തെ ‘തണുത്ത കടൽ’ എന്ന്‌ അറിയപ്പെടുന്ന സമതലത്തിൽ ഇറക്കുകയായിരുന്നു ലക്ഷ്യം. നാല് ഘട്ടംവരെ സുഗമായി പ്രവർത്തിച്ചു. ചാന്ദ്രപ്രതലത്തിന് അഞ്ച്‌ കിലോമീറ്റർ മുകളിൽ എത്തിയതോടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്‌.


340 കിലോഗ്രാമുള്ള ലാൻഡറിന് രണ്ടര മീറ്റർ ഉയരമുണ്ട്‌. കാമറയടക്കം മൂന്നു പരീക്ഷണ ഉപകരണങ്ങളുണ്ട്‌. രണ്ടാഴ്ച ചാന്ദ്ര പ്രതലത്തിൽ പര്യവേഷണം നടത്തുകയായിരുന്നു ദൗത്യം.

ജപ്പാനിലെ സ്വകാര്യ കമ്പനിയായ ഐസ്‌പേസാണ്‌ പേടകം വികസിപ്പിച്ചത്‌. മുമ്പ്‌ ഇവർ അയച്ച ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നിരുന്നു. ജപ്പാൻ 2024ൽ അയച്ച സ്ലിം പേടകം ചന്ദ്രനിൽ ഇറങ്ങിയെങ്കിലും തകരാറിനെ തുടർന്ന്‌ പ്രവർത്തിച്ചില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home