ജപ്പാന്റെ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി

ടോക്കിയോ
ജപ്പാന്റെ റെസിലിയൻസ് ലൂണാർ ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതായി സ്ഥിരീകരണം. ലാൻഡർ വിക്ഷേപിച്ച സ്വകാര്യ കമ്പനിയായ ഐസ്‌പേസാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിൽ ഇറങ്ങുന്നതിന് ഒന്നര മിനിറ്റ് മാത്രം ബാക്കി നിൽക്കേ ലാൻഡറിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. വേഗത നിയന്ത്രണ സംവിധാനങ്ങളിലുണ്ടായ തകരാർ മൂലം അതിവേഗത്തിൽ പേടകം ഇടിച്ചിറങ്ങിയെന്നാണ് നിഗമനം.
ചാന്ദ്രപ്രതലത്തിന് 192 മീറ്റർ ഉയരത്തിൽ വച്ച് അപ്രതീക്ഷിതമായി എന്തോ സംഭവിച്ചതായി ഐസ്‌പേസ് സിഇഒ ടാകേഷി ഹകാമാഡ പറഞ്ഞു. പരാജയകാരണം പഠിക്കും. 2027 ൽ അടുത്ത ദൗത്യം വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ വിക്ഷേപിച്ച ലാൻഡർ വെള്ളി പുലർച്ചെ 1.15 ഓടെ വടക്കുപടിഞ്ഞാറുള്ള മാരി ഫ്രിഗോരിസ് സമതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ലക്ഷ്യമിട്ടത്. നൂറു കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽനിന്ന് പേടകത്തെ ആറു ഘട്ടങ്ങളിലായി വേഗത കുറച്ചാണ് ഇത് സാധ്യമാക്കേണ്ടിയിരുന്നത്. നാല് ഘട്ടങ്ങളും സുഗമായി നടന്നു. എന്നാൽ അടുത്ത ഘട്ടത്തിൽ പേടകത്തിൽ നിന്നുള്ള സന്ദേശം ലഭിക്കാതെയായി. ഇതോടെയാണ് നിയന്ത്രണം നഷ്ടമായതായി സ്ഥിരീകരണമുണ്ടായത്. സ്വയം നിയന്ത്രിത സംവിധാനത്തിലെ സെൻസറുകളുടെ തകരാർ, ഇന്ധനത്തിന്റെ അഭാവം തുടങ്ങിയവയെല്ലാം കാരണമാകാം.
നിലവിൽ ചന്ദ്രനെ ചുറ്റുന്ന ലൂണാർ റിക്കണയിസൻസ് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങളും ഡാറ്റകളും പരിശോധിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഐസ്‌പേസ് മുമ്പ് അയച്ച ലാൻഡറും ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നിരുന്നു. 2024 ജപ്പാൻ 2023 ൽ അയച്ച സ്ലിം പേടകം ചന്ദ്രനിൽ ഇറങ്ങിയെങ്കിലും പ്രവർത്തിപ്പിക്കാനായില്ല.










0 comments