ഉഷ്ണതരംഗത്തിൽ വെന്തുരുകി ജപ്പാൻ; നിരവധിപേർ ആശുപത്രിയിൽ, ജാഗ്രതാ നിർദേശം

ടോക്കിയോ നഗരത്തിലൂടെ കുട ചൂടി നടക്കുന്ന വിനോദസഞ്ചാരികൾ | Photo by ANDREW CABALLERO-REYNOLDS / AFP
ടോക്കിയോ : ജപ്പാനിൽ ഉഷ്ണതരംഗം രൂക്ഷമായതിനെത്തുടർന്ന് കടുത്ത നിർജ്ജലീകരണവും സൂര്യാഘാതവും ഏറ്റ് നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താപനില സാധാരണ നിലയേക്കാൾ വളരെ ഉയർന്ന് 40 ഡിഗ്രി സെൽഷ്യസിന് അടുത്തെത്തി. രാജ്യത്തിന്റെ മധ്യ മേഖലകളിൽ താപനില 39.5 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ചൂട് കടുത്തതോടെ രാജ്യത്തെ ഭൂരിഭാഗം പ്രവിശ്യകളിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും ആവശ്യത്തിന് വെള്ളം കുടിക്കാനും എയർ കണ്ടീഷണറുകൾ ഉപയോഗിക്കാനും ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഉഷ്ണതരംഗം മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയർന്നതോടെ പ്രാദേശിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും കടുത്ത സമ്മർദ്ദത്തിലാണ്. പ്രായമായവരെയും കുട്ടികളെയുമാണ് ചൂട് കൂടുതൽ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ടോക്കിയോയിൽ ഒറ്റദിവസത്തിനിടെ 450ലധികം ആളുകളാണ് കടുത്ത ചൂട് മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് ആശുപത്രികളിൽ ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ചയിൽ മാത്രം കുറഞ്ഞത് 14 പേരുടെ ജീവനെടുത്ത കഠിനമായ ഉഷ്ണതരംഗത്തിലാണ് ജപ്പാൻ നിലവിൽ വെന്തുരുകുന്നത്.
ബുധനാഴ്ച മാത്രം 453 പേരാണ് ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങളാൽ ആശുപത്രികളിൽ ചികിത്സ തേടിയതെന്ന് ടോക്കിയോ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഏകദേശം 1.4 കോടി ജനങ്ങൾ വസിക്കുന്ന ടോക്കിയോ പ്രിഫെക്ചറിൽ ഈ ഉഷ്ണതരംഗത്തിൽ ഒരാൾ മരണപ്പെടുകയും നാല് പേരുടെ നില ഗുരുതരവുമാണ്.
കഴിഞ്ഞ ആഴ്ച മാത്രം കുറഞ്ഞത് 14 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 11,000 പേർ അടിയന്തിര വൈദ്യസഹായം തേടുകയും ചെയ്തതോടെ ഫയർ ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഏജൻസി ഈ ഉഷ്ണതരംഗത്തെ ഒരു ദുരന്തമായി പ്രഖ്യാപിച്ചു. നഗോയ ഉൾപ്പെടുന്ന മധ്യഭാഗത്തെ ഐച്ചി മേഖലയിൽ കടുത്ത ചൂടിനെത്തുടർന്ന് ബുധനാഴ്ച മാത്രം 116 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ കുറഞ്ഞത് ആറിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ രേഖപ്പെടുത്തി. മധ്യ ഷിസുവോക്ക മേഖലയിലെ ഹമാമത്സുവിലാണ് ഏറ്റവും ഉയർന്ന താപനില (41.1 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഐച്ചിയിലെ ടൊയോട്ട നഗരത്തിൽ 40.8 ഡിഗ്രി സെൽഷ്യസും മീയിലെ കുവാനയിൽ 40.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ടോക്കിയോയ്ക്ക് വടക്കുള്ള ഇസെസാക്കിയിൽ 2025 ഓഗസ്റ്റ് 5ന് രേഖപ്പെടുത്തിയ 41.8 ഡിഗ്രി സെൽഷ്യസാണ് ജപ്പാനിലെ എക്കാലത്തെയും ഉയർന്ന താപനില.
40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിനെ വിവരിക്കാൻ 'കൊക്കുഷോബി' (അമിത ചൂടുള്ള ദിവസം) എന്ന പുതിയ പദം ജപ്പാൻ ഇത്തവണ അവതരിപ്പിച്ചു. ജനങ്ങളുടെ ശ്രദ്ധ മുന്നറിയിപ്പുകളിലേക്ക് കൂടുതൽ ആകർഷിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. മനുഷ്യനിർമിതമായ കാലാവസ്ഥാ വ്യതിയാനമാണ് ജപ്പാനിലും മറ്റ് രാജ്യങ്ങളിലും ഉഷ്ണതരംഗങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലത്തിനാണ് ജപ്പാൻ സാക്ഷ്യം വഹിച്ചത്.









0 comments