ബ്രിക്സ് ഉച്ചകോടി; ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ന്യൂഡൽഹിയിലെത്തും

ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ | Photo by REUTERS/Mohammad Ponir Hossain
ന്യൂഡൽഹി : ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കൈടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ഇന്ത്യയുടെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയുടെ ക്ഷണക്കത്ത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചതായും അത് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതായും വിദേശകാര്യ സഹമന്ത്രി ഷമ ഒബൈദ് ഇസ്ലാം വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.
ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യമല്ലെങ്കിലും അയൽരാജ്യങ്ങളുമായുള്ള ഉഭയകക്ഷി-നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ ഈ നീക്കം. ഫെബ്രുവരിയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വിജയം നേടി താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നയതന്ത്ര സഹകരണം മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും ശ്രമിച്ചുവരികയാണ്. ആഗോള സഹകരണം, വ്യാപാരം, സുസ്ഥിര വികസനം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളാകുന്ന ഉച്ചകോടിയിലേക്കുള്ള ഈ ക്ഷണം ദക്ഷിണേഷ്യൻ മേഖലയിലെ സുപ്രധാന നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
2024 ഓഗസ്റ്റിൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ഉന്നതതല ബന്ധങ്ങൾ ഇല്ലായിരുന്നു. അതിനാൽ തന്നെ ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രധാനപ്പെട്ട പല ചർച്ചകളും മുടങ്ങിക്കിടക്കുകയാണ്. നയതന്ത്ര ബന്ധങ്ങളിൽ അടിയന്തിര പരിഹാരം കാണേണ്ട പല വിഷയങ്ങളുമുണ്ട്. അതിലേറെ പ്രധാനപ്പെട്ടതാണ് 1996ലെ ഗംഗാ നദീജല കരാർ. ഈ കരാറിന്റെ കാലാവധി 2026 ഡിസംബർ 31ന് അവസാനിക്കുന്നതിനാൽ ഇത് പുതുക്കേണ്ടതുണ്ട്. ആ തീയതിക്ക് മുൻപായി ഇരുവിഭാഗവും കൂടിക്കാഴ്ച നടത്തുകയും കരാർ പുതുക്കുന്നതിനുള്ള കരടിന് അന്തിമരൂപം നൽകുകയും ചെയ്യേണ്ടതുണ്ട്.









0 comments