ad
Deshabhimani

ട്രംപിന്റെ തീരുവ ഭീഷണി; കാനഡയിലെ ഗോർഡി ഹോവ് പാലം ഉദ്ഘാടനച്ചടങ്ങ് റദ്ദാക്കി

Gordie Howe International Bridge

ഗോർഡി ഹോവ് ബ്രിഡ്ജ് | Photo Credit: Reuters

വെബ് ഡെസ്ക്

Published on Jul 23, 2026, 10:43 PM | 1 min read

ഒട്ടാവ : ‌ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് 35 ശതമാനം ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കയുമായുള്ള സംയുക്ത പാലം ഉദ്ഘാടന ചടങ്ങ് റദ്ദാക്കി കാനഡ. ഒന്റാറിയോയെയും മിഷിഗണിനെയും തമ്മിൽ ബന്ധിപ്പിച്ച് നിർ‌മിച്ച ഗോർഡി ഹോവ് ഇന്റർനാഷണൽ പാലത്തിന്റെ ഉദ്ഘാടന ചടങ്ങാണ് ‌‌റദ്ദാക്കിയത്. അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിൽ നിന്നാണ് ട്രംപിന്റെ ഏകപക്ഷീയമായ നയങ്ങൾ കാരണം കാനഡ പിന്മാറിയത്.


അമേരിക്കൻ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തെ സാരമായി ബാധിക്കുമെന്നും കനേഡിയൻ തൊഴിലാളികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കനേഡിയൻ ഭരണകൂടം വ്യക്തമാക്കി. അമേരിക്കൻ ഉപരോധ ഭീഷണിയുടെയും ഉയർന്ന തീരുവയുടെയും പശ്ചാത്തലത്തിൽ ഇത്തരം ആഘോഷങ്ങളുമായി മുന്നോട്ട് പോകാനാകില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തിൽ കാനഡയിലുടനീളം വൻ പ്രതിഷേധമാണ് ഉയരുന്നത്.


സംയുക്ത ആഘോഷ ചടങ്ങ് റദ്ദാക്കിയെങ്കിലും പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിശ്ചിത സമയത്ത് തന്നെ നടക്കുമെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കി. കാനഡയും അമേരിക്കയും തമ്മിലുള്ള ചരക്ക് ഗതാഗതത്തിനും വ്യാപാരത്തിനും ഏറെ നിർണായകമായ പാതയാണിത്. വാണിജ്യ ബന്ധങ്ങളിൽ കടുത്ത വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിർത്തി കടന്നുള്ള ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാൻ ഉദ്ഘാടന നടപടികൾ വേഗത്തിലാക്കാനാണ് കാനഡ തീരുമാനിച്ചിരിക്കുന്നത്.


കഴിഞ്ഞ ഫെബ്രുവരിയിൽ ഈ പാലം പൂർണമായി തടയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അമേരിക്കയോട് അനീതിയാണ് കാണിച്ചതെന്നും പണം മുടക്കാതെ തന്നെ പാലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ പകുതിയെങ്കിലും അമേരിക്കയ്ക്ക് വേണമെന്നുമായിരുന്നു ട്രംപിന്റെ വാദം. ഈ പാലത്തിന്റെ നിർമാണത്തിനുള്ള മുഴുവൻ തുകയും കാനഡയാണ് മുടക്കിയിട്ടുള്ളത്. ഈ വസ്തുത നിലനിൽക്കെയാണ് അമേരിക്കൻ ഭരണകൂടം ഭീഷണിയുമായി രംഗത്തെത്തിയത്. ഒടുവിൽ കാനഡയുടെ ശക്തമായ നിലപാടുകൾക്ക് മുന്നിൽ ട്രംപിന് വഴങ്ങേണ്ടി വരികയും പാലത്തിന്റെ ഉടമസ്ഥാവകാശം കാനഡയും യുഎസ് സംസ്ഥാനമായ മിഷിഗണും സംയുക്തമായി പങ്കിടാൻ ധാരണയാവുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home