ad
Deshabhimani

കെടിയുവിനെ രക്ഷിക്കാന്‍ തിരുവനന്തപുരം എൻജിനിയറിങ് കോളേജിനെ ബലിയാടാക്കരുത്: ഡോ. ആർ ബിന്ദു

cet r bindu
വെബ് ഡെസ്ക്

Published on Jul 23, 2026, 10:48 PM | 2 min read

തിരുവനന്തപുരം : തിരുവനന്തപുരം എൻജിനിയറിങ് കോളേജി (CET) നെ കേരള സാങ്കേതിക സർവകലാശാലയുടെ (KTU) ഘടക കോളേജാക്കി മാറ്റാനുള്ള സർക്കാർ നീക്കം ഗൗരവമായ ആശങ്ക ഉയർത്തുന്നതായി മുൻ മന്ത്രി ഡോ. ആർ ബിന്ദു. കേരളത്തിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും സർവകലാശാലാ സംവിധാനത്തിലും ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ സമഗ്രമായി വിലയിരുത്താതെയുള്ള തീരുമാനം സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ താൽപര്യങ്ങൾക്ക് കനത്ത തിരിച്ചടി നൽ‌കുമെന്നും ആർ ബിന്ദു പറഞ്ഞു.


എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സർവകലാശാലകളുടെ ഭരണത്തിൽ ചാൻസലർ നടത്തിയ ഇടപെടലുകൾ കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. സർവകലാശാലകളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ സർവകലാശാലാ ഭരണത്തിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു ഇടപെടലുകൾ. പിന്നാലെ കേരളത്തിലെ സർവകലാശാലകളുടെ ഭരണത്തിൽ ചാൻസലറുടെ സ്വാധീനം ഗണ്യമായി വർധിച്ചു. വൈസ് ചാൻസലർമാർ, സെനറ്റ് അംഗങ്ങൾ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ തുടങ്ങിയ നിർണായക നിയമനങ്ങളിൽ ചാൻസലറുടെ പങ്ക് വർധിച്ചതിനെതിരെ ശക്തമായ രാഷ്ട്രീയവും നിയമപരവുമായ വിമർശനങ്ങൾ ഉയർന്നിരുന്നു.


സ്വന്തമായി സമഗ്രമായ അക്കാദമിക ക്യാമ്പസും ശക്തമായ ഗവേഷണ വകുപ്പുകളും മികവിന്റെ കേന്ദ്രങ്ങളും (Centres of Excellence) വികസിപ്പിക്കേണ്ട നിർണായക ഘട്ടത്തിൽ കെടിയു പ്രധാനമായും പരീക്ഷാ നടത്തിപ്പിലും അഫിലിയേഷൻ സംവിധാനത്തിലും കേന്ദ്രീകരിക്കപ്പെട്ട സർവകലാശാലയായി തുടരുകയാണ്. സർക്കാർ ഭൂമിയും സാമ്പത്തിക പിന്തുണയും ലഭ്യമായിട്ടും അക്കാദമിക അടിസ്ഥാനസൗകര്യങ്ങളും ഗവേഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാനായില്ല.


ഇത്തരം സാഹചര്യത്തിലാണ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിനെ (CET) കെടിയുവിന്റെ കോൺസ്റ്റിറ്റുവന്റ് കോളേജാക്കി മാറ്റാനുള്ള നിർദ്ദേശം ഉയരുന്നത്. കെടിയുവിന്റെ ഘടനാപരവും അക്കാദമികവുമായ പോരായ്മകൾ പരിഹരിക്കുന്നതിനു പകരം, അവ മറച്ചുവയ്ക്കുന്നതിനും സർവകലാശാലയ്ക്ക് ഒരു പുതിയ മുഖം നൽകുന്നതിനുമായി സിഇടിയെ ഉപയോഗിക്കാനുള്ള ശ്രമമാണിത്.


മുൻകാലങ്ങളിൽ ചാൻസലറുടെ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകിയിരുന്ന സേവ് യൂണിവേഴ്സിറ്റി ഫോറം ഈ നിർദ്ദേശത്തെ ന്യായീകരിച്ച് രംഗത്തുവരുന്നതും ശ്രദ്ധേയമാണ്. സർവകലാശാലകളുടെ സ്വയംഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംഘടന സ്വീകരിച്ച നിലപാടുകൾ ചാൻസലറുടെ കേന്ദ്രീകൃത ഇടപെടലുകൾക്ക് രാഷ്ട്രീയ ന്യായീകരണം നൽകുന്നതായിരുന്നുവെന്ന വിമർശനം മുമ്പും ഉയർന്നിരുന്നു. അത്തരമൊരു സംഘടനയ്ക്ക് നിലവിലെ സർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിർണായക ചുമതലകൾ നൽകിയത് ഗൗരവമായി കാണണം.


സിഇടിയ്ക്കായി സർക്കാർ ബജറ്റിൽ അനുവദിക്കുന്ന ഫണ്ട് സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറുകയും അതുവഴി സിഇടിയുടെ വികസനവും നിലവിലെ പ്രവർത്തനങ്ങളും തുടരുമെന്നും വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠിക്കാനുള്ള സാഹചര്യം നിലനിർത്താനാകുമെന്നുമാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ വാദം. എന്നാൽ ഈ വാദം അത്യന്തം അപകടകരമാണ്. സർവകലാശാലയെ രക്ഷിക്കാനുള്ള പേരിൽ കേരളത്തിന്റെ ഏറ്റവും മികച്ച സർക്കാർ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നിനെ ബലിയാടാക്കാനുള്ള നീക്കമാണിത്.


കേരളത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സിഇടിയെ ഒരു സർവകലാശാലയുടെ കോൺസ്റ്റിറ്റുവന്റ് കോളേജാക്കി ചുരുക്കുകയല്ല, മറിച്ച് ദേശീയ പ്രാധാന്യമുള്ള സ്വയംഭരണ സാങ്കേതിക സ്ഥാപനമായി ഉയർത്തുകയാണ് സംസ്ഥാനം ലക്ഷ്യമിടേണ്ടത്. ഒരു മികച്ച സ്ഥാപനത്തെ മറ്റൊരു സ്ഥാപനത്തിന്റെ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള ഉപാധിയാക്കുന്നത് അം​ഗീകരിക്കാനാകില്ല.


കേരളത്തിന്റെ ഏറ്റവും അഭിമാനകരമായ പൊതുമേഖലാ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ സിഇടിയുടെ സ്വത്വവും അക്കാദമിക മികവും സംരക്ഷിക്കുക എന്നത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. കെടിയുവിനെ രക്ഷിക്കണമെങ്കിൽ അതിനെ സ്വന്തം അക്കാദമിക ശക്തിയിൽ പുനർനിർമിക്കണം. സിഇടിയെ തകർത്തുകൊണ്ടല്ല ആ ലക്ഷ്യം നേടേണ്ടത്. സിഇടിയെ സംരക്ഷിക്കാൻ പൊതുസമൂഹമൊന്നാകെ ഒന്നിക്കണമെന്നും ആർ ബിന്ദു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home